തിരുവനന്തപുരം: സംസ്ഥാനത്തെ ലോക യോഗ ദിന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതേതര മനസ്സോടെ ആയിരിക്കണം യോഗ ചെയ്യേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി, യോഗ വ്യായാമ മുറയാണെന്നും ഇതിനെ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കരുതെന്നും പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗ ദിനാചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യോഗയെ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. മതവുമായി യോഗയെ ബന്ധിപ്പിക്കാൻ അനുവദിച്ച് കൂട. ഈ ശ്രമം ചെറുക്കണം. യോഗ മതേതര മൂല്യമുള്ളതാണ്. അത് എല്ലാവരിലേക്കും എത്തിക്കാൻ പദ്ധതി രൂപീകരിക്കും. സ്കൂളുകളിൽ യോഗ പരിശീലിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും” എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായിരുന്നു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലാണ് യോഗ ദിനാചരണം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook