ശബരിമല: ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസ് ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ഭാര്യ പ്രഭാ യേശുദാസിനൊപ്പമാണ് അദ്ദേഹം അയ്യപ്പദര്‍ശനത്തിനെത്തിയിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ പമ്പയിലെത്തിയ അദ്ദേഹവും ഭാര്യയും പത്ത് മണിയോടെ സന്നിധാനത്തെത്തി. ഇത് ആദ്യമായാണ് പ്രഭാ യേശുദാസ് സന്നിധാനത്ത് എത്തുന്നത്.

ഗാനഗന്ധര്‍വ്വന്‍ ശബരിമലയില്‍- ചിത്രങ്ങള്‍ കാണാം

നാളികേരം ഉടച്ച് പതിനെട്ടു പടികളും കയറി ഗാനഗന്ധര്‍വ്വനും പത്നിയും സോപാനത്തെത്തി അയ്യപ്പനെ സന്ദര്‍ശിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഭസ്മവും സ്വീകരിച്ച ശേഷം മാളിക്കപ്പുറത്തേക്ക് പോയ ഇരുവരും മലദൈവങ്ങളെ തൊഴുത ശേഷം പുളുവന്‍ പാട്ടും ആസ്വദിച്ചു. പിന്നീട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരേയും ഇരുവരും സന്ദര്‍ശിച്ചു. രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷമേ യേശുദാസും പ്രഭയും സന്നിധാനത്ത് നിന്ന് മടങ്ങൂ.

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനത്തിന്റെ റെക്കോഡാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി ഉപയോഗിക്കുന്നത്. താന്‍ പാടിയ ഈ ഗാനത്തില്‍ ‘അരിവിമര്‍ദനം നിത്യനര്‍ത്തനം’ എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍കോവിലില്‍ പാടാന്‍ പോയപ്പോള്‍ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു.

പാടിയതിലെ തെറ്റ് യേശുദാസ് പാടി തിരുത്തിയാല്‍ അതാവും പിന്നീട് സന്നിധാനത്ത് ഉപയോഗിക്കുകയെന്ന് ശബരിമലതന്ത്രി കണ്ഠര് രാജീവരും അന്ന് വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ സന്നിധാനത്തു പോയപ്പോള്‍ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് നേരത്തേ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ