സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. യെമനിലെ സനായിലുള്ള അപ്പീൽ കോടതിയാണ് നിമിഷയുടെ ഹർജി തള്ളിക്കൊണ്ട് വധശിക്ഷ ശരിവച്ചത്.
ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നിമിഷ വധശിക്ഷയ്ക്കെതിരെ അപ്പീൽ കോടതിയെ സമീപിച്ചത്. സ്ത്രീയെന്ന കാര്യം മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരന് മകന്റെയും കാര്യം പരിഗണിച്ചും കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം.
ഇനി യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ നിമിഷയ്ക്ക് സമീപിക്കാമെങ്കിലും അപ്പീൽകോടതിയുടെ തീർപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കില്ല. ഈ വിധിയിലേക്കെത്തിയ കോടതിയുടെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന പരിശോധന മാത്രമാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ നടത്തുക. അതുകൊണ്ട് തന്നെ ശിക്ഷയിൽ ഇളവുണ്ടായേക്കില്ല.
2017 ലാണ് യെമൻ പൗരൻ കൊല്ലപ്പെടുന്നത്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചുവച്ച് ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. അമിത ഡോസിൽ മരുന്ന് കുത്തിവെച്ചായിരുന്നു കൊലപാതകം. അതിന് ശേഷം മൃതദേഹം വീടിനുമുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെയും ഇയാളുടെയും വിവാഹം കഴിഞ്ഞതായി രേഖകളുണ്ട്. എന്നാൽ ഇത് ലൈസൻസ് ആവശ്യങ്ങൾക്ക് വേണ്ടി എടുത്തതാണ് എന്നായിരുന്നു നിമിഷയുടെ വാദം.
Also Read: ലൈംഗിക പീഡന പരാതി; സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്ന് ഡബ്ള്യുസിസി