തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമഴ ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20 (ഞായറാഴ്ച) കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്തുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോരത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കോട്ടൂർ അഗസ്ത്യവന മേഖലയിലുണ്ടായ ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരൻ സാഹസികമായി രക്ഷപ്പെടുത്തി.

Read Also: ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്തു മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.ആയതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ശക്‌തമായ ഇടിമിന്നലുള്ള സമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.

കാറ്റിന്റെ വേഗത 45-55 കിലോമീറ്റർ വേഗതയിൽ 65 കിലോമീറ്റർ വേഗതയിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.