തിരുവനന്തപുരം: വായു ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ഗുജറാത്ത് തീരത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 130 മുതല്‍ 140 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കച്ച് ജില്ലയില്‍ നിന്നും പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കര-നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്.
പടിഞ്ഞാറ് തെക്കുപടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബൈയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുമ്പോള്‍ ജാഗ്രതയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇന്നലെ രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Read More: തിരുവനന്തപുരത്ത് വൈദ്യുതി ലൈന്‍ പൊട്ടി വെളളക്കെട്ടില്‍ വീണു; ഷോക്കേറ്റ് രണ്ട് പേര് മരിച്ചു
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിട്ടുണ്ട്. തീരദേശങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മൂന്നു പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കേരളത്തിന്റെ തീരമേഖലയില്‍ കനത്ത കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. കേരള തീരത്തു നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമര്‍ദ മേഖല.