/indian-express-malayalam/media/media_files/uploads/2017/10/sitaram-yechuri.jpg)
ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം ഗുരുതരമാണെന്ന വിലയിരുത്തലുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വേഗത്തിൽ പരിഹാരം കാണണമെന്ന് പാർട്ടി നേതൃത്വം കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം സീതാറാം യെച്ചൂരി തന്നെയാണ് വ്യക്തമാക്കിയത്. "വളരെ ഗൗരവമുള്ള ആരോപണമാണ് ബിനോയ് കോടിയേരിക്കെതിരെ ഉയർന്നിരിക്കുന്നത്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്", യെച്ചൂരി പറഞ്ഞു.
ജാസ് ടൂറിസം കമ്പനിയാണ് ബിനോയ്ക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്ത് വന്നത്. 13 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് ബിനോയ്‌യെ പിടികൂടാൻ യുഎഇ സർക്കാർ ഇന്റർപോളിന്റെ സഹായം തേടുമെന്ന് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ നീക്കം.
കമ്പനി അധികൃതർ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയതായാണ് വിവരം. പൊതുമധ്യത്തിൽ പാർട്ടിക്ക് ആരോപണം ഏറെ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുളളത്. ഈ സാഹചര്യത്തിൽ കാരാട്ട് പക്ഷത്തിനെതിരെ യെച്ചൂരി പക്ഷം ഈ ആരോപണവും പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിൽ ആയുധമാക്കിയേക്കും.
ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങൾ നൽകിയെന്നാണ് ജാസ് ടൂറിസം കമ്പനി പറഞ്ഞിരിക്കുന്നത്. 2016 ജൂണിന് മുൻപ് പണം തിരിച്ചടക്കുമെന്ന് പറഞ്ഞെങ്കിലും ഇതുണ്ടായില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.