കേരളം കടന്നുപോയ വർഷത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങളിലൊന്ന് സദാചാര അതിക്രമങ്ങളാണ്. സദാചാരഗുണ്ടകൾക്ക് പുറമെ, പൊലീസും സ്കൂൾ അധികൃതരുമെല്ലാം സദാചാര പൊലീസിന്രെ കുപ്പായമണിഞ്ഞ വർഷമായിരുന്നു 2017. അങ്ങനെയുണ്ടായ ചില പ്രധാന സംഭവങ്ങൾ.

വർഷം തുടങ്ങിയപ്പോൾ തന്നെ സദാചാര അക്രമവും ആരംഭിച്ചു. ഫെബ്രുവരിയിൽ സദാചാര ഗുണ്ടകളുടെ അക്രമത്തിന് വിധേയനായ യുവാവ് ആത്മഹത്യ ചെയ്തത് കേരളത്തിൽ വലിയ ചർച്ചകൾ ഉയർത്തി വിട്ടു. കൊല്ലത്തെ കടപ്പുറത്ത് ഇരുന്ന സുഹൃത്തുക്കളായ യുവാവിനും യുവതിക്കും നേരെയാണ് സദാചാരഗുണ്ടായിസം അരങ്ങേറിയത്. സദാചാരഗുണ്ടായിസത്തിന് ഇരയായ യുവാവ് പിന്നീട് ആത്മഹത്യ ചെയ്യുകായിരുന്നു. ഇതവസാനിക്കുന്നിതന് മുമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും അവിടെ തന്നെയുളള വിദ്യാർത്ഥിനികൾക്ക് നേരെ സദാചാര ഗുണ്ടായിസം ഉണ്ടായി. ഇത് പൊലീസ് കേസായി. സോഷ്യൽ മീഡിയായിൽ വലിയ ചർച്ചയുമായി, എസ് എഫ് ഐ ദേശീയ നേതാവ് തന്നെ ഈ നിലപാടിനെ തളളി പറഞ്ഞു.

ഈ വിവാദങ്ങളുടെ ഇടയിൽ തന്നെ പിങ്ക് പൊലീസിന്രെ സദാചാരപ്പണി ലോകം മുഴുവൻ കണ്ടു. തിരുവനന്തപുരം മ്യൂസിയത്തിലിരുന്ന യുവാവിനെയും യുവതിയെയും സദാചാര പൊലീസ് നിലവാരത്തിൽ കൈകാര്യം ചെയ്ത പൊലീസ് നടപടി അവർ ഫെയ്‌സ് ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചു. ഇതോടെ വിവാദം കത്തിപ്പടർന്നു. കേരളത്തെ കുറിച്ചും പൊലീസിനെകുറിച്ചും കേരളം അവകാശപ്പെടുന്ന വ്യക്തികളുടെ സ്വാതന്ത്ര്യം, സ്വകാര്യത എന്നിവയൊക്കെ പൊലീസ് എങ്ങനെയൊക്കെ ഇല്ലാതാക്കുന്നു തുടങ്ങിയ വിഷയങ്ങളൊക്കെ ഇതിന്രെ ഭാഗമായി ഉയർന്നു വന്നു. വിവാഹം തീരുമാനിച്ച യുവതിയും യുവാവുമാണ് അവിടെയുണ്ടായിരുന്നത് എന്നറിഞ്ഞതോടെ യാഥാസ്ഥിതികരും പൊലീസിനെതിരെ തിരിഞ്ഞു.

പിന്നീട് സദാചാരഗുണ്ടായിസത്തിന്രെ കഥ കേൾക്കുന്നത് കേരളത്തിന്രെ മെട്രോ നഗരം എന്നവകാശപ്പെടുന്ന എറണാകുളം നഗരത്തിൽ നിന്നാണ്. എറണാകുളം നഗരമധ്യത്തിലെ മറൈൻ ഡ്രൈവിലാണ് ശിവസേന എന്ന സംഘടനയുടെ നേതൃത്വത്തിൽ ഗുണ്ടാഅക്രമം നടന്നത്. മറൈൻ ഡ്രൈവിലിരുന്നവരെ കമ്പും വടികളുമായി ആക്രമിക്കുകയായിരുന്നു ഇവർ. ഈ ആക്രമണം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു എന്നത് അതിലും വലിയ വിവാദമായി.

ഇതിന് ശേഷം സദാചാര വിവാദം ഉണ്ടായത് തൃശൂരിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന വിനായകൻ എന്ന യുവാവ് ആത്മഹത്യചെയ്തു. പൊലീസ് കസ്റ്റഡിയിൽ മർദ്ദനേറ്റ വിനായകൻ എന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയോട് സംസാരിച്ചുവെന്നുളളതടക്കമുളള, മുടിവെട്ടിയിരുന്ന ശൈലി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതെന്നാണ് ആരോപണം.  ഇതും കേരളത്തിലൊട്ടാകെ പ്രതിഷേധം ഉയർത്തി വിട്ടു.

തൃശൂരിൽ തന്നെ സദാചാരഗുണ്ടകൾ ട്രാൻസ്ജെൻഡേഴ്സിനെതിരെ ആക്രമണം നടത്തി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യയ്ക്കും സുഹൃത്തുക്കൾക്കും എറണാകുളം കോൺവെന്ര് റോഡിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായി.

സദാചാരം പിന്നീട് എരിഞ്ഞു കത്തിയത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്നാണ്. രാത്രി റയിൽവെ സ്റ്റേഷനിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോയ സാമൂഹിക പ്രവർത്തകയായ യുവതിയായിരുന്നു പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ബർസ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ പ്രതീഷ് രമാമോഹന്രെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് പോകാൻ റയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. തുടർന്ന പ്രതീഷിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും മർദ്ദിക്കുകയുംചെയ്തതായി പരാതി ഉയർന്നത് ഡിസംബർ ആദ്യവാരത്തിലായിരുന്നു. രണ്ടാഴ്ച കഴിയുന്നതിനിടെ വീണ്ടും പ്രതീഷിനെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു. കൗൺസിലറുടെ പരാതി എന്നാണ് പൊലീസ് പറഞ്ഞതെങ്കിലും താൻ പരാതി പറഞ്ഞിട്ടില്ലെന്ന് കൗൺസിലർ പറഞ്ഞതോടെ നോർത്ത് പൊലീസിനെതിരെ ആക്ഷേപം ഉയർന്നു.

പൊലീസും സദാചാരഗുണ്ടകളും വിദ്യാർത്ഥി സംഘടനാപ്രവർത്തകരുമൊക്കെ തങ്ങളാലാവുംവിധം കേരളത്തെ പിന്നോട്ടടിക്കാൻ നടത്തിയ പ്രവർത്തനങ്ങളിൽ തീരുമായിരുന്ന കേരളം ഞെട്ടിയത് ഒരു കോടതിവിധ വന്നപ്പോഴാണ്.

അതുവരെ കേരളം അറിയാതിരുന്ന കഥ പുറംലോകം അറിഞ്ഞത്. തലസ്ഥാന നഗരയിലെ ഒരു സ്കൂളിൽ നിന്നുളള സദാചാരപൊലീസിന്രെ കഥയാണ് അത്. ഈ വർഷം അവസാനിക്കുമ്പോൾ ആ കേസ് ഒത്തുതീർപ്പിലേയ്ക്ക് നീങ്ങുകയാണ്. ലോകം മുഴുവൻ ഈ വാർത്ത അറിഞ്ഞതോടെ സ്കൂൾ അധികൃതരുടെ നിലപാട് കേരളത്തിന്രെ തല തന്നെ കുനിപ്പിക്കുന്നതായി മാറി. കലോത്സവത്തിൽ സമ്മാനാർഹയായ പെൺകുട്ടിയെ സുഹൃത്തായ ആൺകുട്ടി ആലിംഗനം ചെയ്തതാണ് സ്കൂളധികൃതരെ പ്രകോപിപ്പിച്ചത്. രണ്ട് കുട്ടികളെയും സ്കൂളിൽ നിന്നും പുറത്താക്കിക്കൊണ്ടാണ് തിരുവനന്തപുരത്തെ സെന്ര് തോമസ് സ്കൂൾ അധികൃതർ സ്കൂളിന്രെ “അഭിമാനം” കാത്തു രക്ഷിച്ചത്. ബാലാവകാശ കമ്മീഷൻ കുട്ടികളെ തിരിച്ചെടുക്കാൻ വിധിച്ചെങ്കിലും ഹൈക്കോടതി വിധി സ്കൂളിന് അനുകൂലമായിരുന്നു. ഇതോടെ വിഷയം പുറത്തുവന്നു. ലോകമെമ്പാടമുളള മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞു. കേരളം വീണ്ടും തലകുനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.