ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്ത് കടല്‍ കയറിയ സാഹചര്യത്തില്‍ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കല്‍ പരേഡ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറ്റി.
പരേഡ് ഗ്രൗണ്ടിന്റെ തെക്കു – പടിഞ്ഞാറ് ഭാഗത്ത് ഡേവിഡ് ഹാളിന് എതിര്‍വശം വാട്ടര്‍ടാങ്കിനോട് ചേര്‍ന്നാണ് പാപ്പാഞ്ഞി സ്ഥാപിക്കാന്‍ ഇടം ഒരുക്കുക. ആഘോഷപരിപാടികള്‍ സുരക്ഷാഭീതിയില്ലാതെ നടപ്പാക്കുന്നതിനായി സ്വീകരിച്ച ഈ തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കഴിഞ്ഞ ദിവസം കളക്ടറും സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശും ബീച്ചും പരിസരവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഒരു ലക്ഷത്തോളം പേര്‍ ഇക്കുറി എത്തുമെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ പാപ്പാഞ്ഞി കത്തിക്കല്‍ നടന്നിരുന്ന ബീച്ച് ഭാഗങ്ങളുടെയെല്ലാം വിസ്തൃതി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ഗണ്യമായി കുറഞ്ഞ നിലയിലാണ്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ വേലിയേറ്റം ശക്തവുമാണ്. ബീച്ചിലെ കല്‍ക്കെട്ടും ഇതിനു മുകളിലുള്ള നടപ്പാതയും കടലാക്രമണത്തില്‍ തകര്‍ന്ന സാഹചര്യത്തില്‍ ബീച്ചിലേക്കുള്ള വരവും പോക്കും പ്രയാസകരമാണെന്നും ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. തിക്കും തിരക്കുമുണ്ടായാല്‍ ബീച്ചിലെ ജനക്കൂട്ടത്തെ സുരക്ഷിതമായി ഒഴിപ്പിക്കാനാകില്ല. ഇത് ദുരന്തത്തിന് ഇടയാക്കുമെന്നതിനാലാണ് ഈ നടപടി.
ഇരട്ട ബാരിക്കേഡ് തീര്‍ത്ത് അതിനുള്ളിലാണ് പാപ്പാഞ്ഞിയെ സ്ഥാപിക്കുക. ആദ്യത്തെ ബാരിക്കേഡിനുള്ളില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നവര്‍ മാത്രമാണ് പ്രവേശിക്കുക. പരേഡ് ഗ്രൗണ്ടില്‍ നിന്നും പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുഗമമായി കാണാനാകും.
ഗ്രൗണ്ടിന്റെ സെന്റ് ഫ്രാന്‍സിസ് പള്ളിയോട് ചേര്‍ന്നുള്ള ഭാഗത്താണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറുക. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക വഴികളുണ്ടാകും. പൊലീസിന്റെയും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെയും സജീവസാന്നിധ്യവും ആഘോഷവേദിയില്‍ ഉണ്ടായിരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഡിസംബർ 31 അർധരാത്രി 12 മണിക്കാണ് പുതുവത്സര പിറവി കുറിച്ച് കൊണ്ട് പപ്പാഞ്ഞിയെ കത്തിക്കുക. പോർട്ടുഗീസ് ഭാഷയിൽ പപ്പാഞ്ഞി എന്ന വാക്കിനർത്ഥം വൃദ്ധൻ എന്നാണ്. എല്ലാ തിന്മകളും നശിപ്പിച്ചു പുതിയ ഒരു പുലരിയെ വരവേൽക്കുന്നു എന്ന സങ്കൽപ്പമാണ് പപ്പാഞ്ഞിയെ കത്തിക്കുന്നതിനു പിന്നിൽ ഉള്ളത്. പോർട്ടുഗീസുകാർ കാർണിവൽ ആരംഭിക്കുന്നകാലത്ത് പപ്പാഞ്ഞി കാർണിവലിന്റെ ഭാഗമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. പിന്നീടാണ് ഈ കൊളോണിയൽ പ്രതീകം പുതുവത്സര ആഘോഷവുമായി ബന്ധപെട്ടു വരുന്നത്. പ്രാദേശിക നേതൃത്വമാണ് ഈ കൂട്ടിയിണക്കൽ പിന്നീട് നടത്തിയത്.
ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയില്‍ നിന്നും വൈപ്പിനിലേക്ക് നാളെ വൈകിട്ട് ആറു മണി മുതല്‍ രാത്രി 11 മണി വരെയും പുതുവത്സരാഘോഷം നടക്കുന്ന 31 ന് വൈകിട്ട് ആറു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്‍വീസ് ഉണ്ടാകും. 31 ന് രാത്രി പത്തു മണി മുതല്‍ ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് മാത്രമായിരിക്കും സര്‍വീസ്. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയിലേക്ക് ആളെ കൊണ്ടുപോകില്ല.

പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്റില്‍ നിന്നും തോപ്പുംപടി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസ് നടത്തും. ഫോര്‍ട്ടുകൊച്ചി ഭാഗത്ത് ഒരു തരത്തിലുള്ള വാഹന പാര്‍ക്കിങും അനുവദിക്കില്ല. വാഹനങ്ങള്‍ വെളി മൈതാനത്തിന് സമീപം പാര്‍ക്ക് ചെയ്യണം. കസ്റ്റംസ് ജെട്ടിയില്‍ തിരക്കു നിയന്ത്രിക്കുന്നതിന് പൊലീസ് സംവിധാനമൊരുക്കും.
പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ കർശന നടപടികളുമായി സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും രംഗത്തുണ്ട്. പുതുവത്സര തലേന്ന് കൊച്ചിയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കും. ഇതിനായി പോലീസും ,വാഹന വകുപ്പും മൊബൈൽ യൂണിറ്റുകളും, സ്പെഷ്യൽ സ്‌ക്വഡുകളും സജ്ജമാക്കിയിട്ടുണ്ട്. നഗര കവാടങ്ങളിലും മറ്റിടങ്ങളിലും സ്‌ക്വഡുകൾ മിന്നൽ പരിശോധന നടത്തും. മദ്യപിച്ചു വാഹനം ഓടിക്കുന്നത്, അമിത വേഗത്തിലും, ഉച്ചത്തിലും വാഹനം ഓടിക്കുന്നത്, വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ എണ്ണത്തിൽ ആളുകളെ കയറ്റുന്നത് എന്നിവ നിരീക്ഷിക്കപെടും. ഇത്തരത്തിലുള്ളവാഹനങ്ങളുടെയും, ഡ്രൈവർമാരുടെയും പെർമിറ്റും, ലൈസൻസും ഉടനടി റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അതെ സമയം പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പടിഞ്ഞാറൻ കൊച്ചിയിൽ സുരക്ഷ ശക്തമാക്കുമെന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ ഇമ്പശേഖരൻ അറിയിച്ചു. ഗതാഗത നിയന്ത്രണത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനും റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
വാസ്കോഡഗാമ സ്‌ക്വയർ, സൗത്ത് ബീച്ച്, കൺട്രോൾ റൂം എന്നിവിടങ്ങളിൽ മൊബൈൽ അഡ്രസിംഗ് സിസ്റ്റം ഒരുക്കും. 31 ന് രാത്രി ഏഴരക്ക് ശേഷം പഴയ പാലത്തിലൂടെ ഫോർട്ട് കൊച്ചിയിയിലേക്കുള്ള പ്രവേശനം തടയും. വലിയ വാഹനങ്ങൾ രാത്രി എട്ട് മണി മുതൽ തോപ്പുംപടി ബി ഒ ടി പാലത്തിന് സമീപം പ്യാരി ജങ്ക്ഷനിൽ തടയും. പുറത്തേക്കു പോകുന്ന വാഹനങ്ങൾ കടത്തി വിടും. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾക്ക് പശ്ചിമ കൊച്ചി ഒഴിവാക്കി ബൈപാസ് വഴിയോ പുതിയ ഇടക്കൊച്ചി പാലം വഴിയോ പോകുന്നതിന് തടസ്സമുണ്ടാകില്ല.
അനധികൃത മദ്യ വിൽപ്പന തടയാൻ ഇവിടെ എക്‌സൈസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബിവ്റേജസ് കോർപറേഷന്റെ ഫോർട്ട് കൊച്ചി പ്രദേശത്തെ ഔട്ട് ലെറ്റുകൾ രാത്രി ഏഴിന് ശേഷം പ്രവർത്തിക്കില്ല. ബാറുകളും ബിയർ പാർലറുകളും രാത്രി ഒൻപതോടെ പൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.