scorecardresearch
Latest News

കേരളം കടന്നുപോയ ചില പ്രധാന സംഭവങ്ങൾ

വിവാദങ്ങളൊഴിയാതെ കടന്നുപോയ ദിവസങ്ങളായിരുന്നു 2017 ഉം. വരാനിരിക്കുന്ന വർഷത്തേയ്ക്ക് ഇതിലെ പല വിവാദങ്ങളും തുടരുമെന്ന് ഉറപ്പ്. എല്ലാ രാഷ്ട്രീയ പാർട്ടികളും വിവാദത്തിന്രെ ഭാഗമാകുന്നതിന് ഇത്തവണയും വ്യത്യാസമുണ്ടായില്ല

കേരളം കടന്നുപോയ ചില പ്രധാന സംഭവങ്ങൾ

ഒരു വർഷം കൂടി കടന്നുപോകാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കേരളത്തെ പിടിച്ചുകുലുക്കി കടന്നുപോയ ഒട്ടേറെ സംഭവങ്ങളുണ്ട്. സ്വാശ്രയകോളജിലെ വിദ്യാർത്ഥിയുടെ ദുരൂഹ മരണം മുതൽ അമ്മയെ കൊലപ്പെടുത്തി കത്തിച്ച മകൻ വരെയുളള സംഭവങ്ങൾ. യുവനടിയെ ക്വട്ടേഷൻ കൊടുത്ത് ആക്രമിക്കുന്നതും അതിൽ നടൻ പ്രതിയാകുന്നതും മുതൽ അഭിപ്രായപ്രകടനത്തിന്രെ പേരിൽ നടിക്കെതിരെ സൂപ്പർ സ്റ്റാറിന്രെ ആരാധാകരുടെ ആക്രമണവും അധിക്ഷേപത്തിലുമെത്തി നിൽക്കുന്നു വർഷാവസാനം.  സാമ്പത്തിക സംവരണത്തിന് അനുകൂലമായ എൽ ഡി എഫ് സർക്കാർ നിലപാട് വിവാദങ്ങളായി. ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.  സ്വാതന്ത്ര്യദിനത്തിൽ ആർ എസ് എസ് മേധാവി സർക്കാർ ധനസഹായം ലഭിക്കുന്ന എയിഡഡ് സ്കൂളിൽ ദേശീയ പതാക ഉയർത്തിയതും ദേശീയഗാനം പാടാതിരുന്നതും വിവാദമായി. അതിന്മേൽ നടപടിയും വിവാദമായി. സാഹിത്യമേഖലയിലും കടന്നുപോയത് വിവാദങ്ങളിലൂടെ ഭൂമികയിലൂടെയാണ്. കമൽ സി ചവറ എന്ന യുവ സാഹിത്യകാരനെതിരെയുളള പൊലീസ് നടപടിയുടെ വിവാദത്തിൽ തുടങ്ങി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വരെയുളള വിവാദത്തിലെത്തി നിൽക്കുന്നു. വർഷം അവസാനിക്കാൻ ഒരു മാസം അവശേഷിക്കെ കേരളത്തെ വീണ്ടും ദുരന്ത മുഖത്തെത്തിച്ചതാണ് ഓഖിചുഴലിക്കാറ്റ്. അതിന് മേലും ഇപ്പോഴും അവസാനിക്കാത്ത വിവാദങ്ങളാണ് നടക്കുന്നത്. ഓരേ പാർട്ടിയുടെ രണ്ട് ഗതാഗത മന്ത്രിമാസങ്ങളുടെ വ്യത്യാസത്തിൽ ആരോപണങ്ങളുടെ പശ്ചാതലത്തിൽ രാജിവെയ്ക്കുന്നു. സർക്കാരും ഐ പി എസ്സുകാരും തമ്മിലുളള പടലപ്പിണക്കങ്ങൾ. മന്ത്രിമാരുടെ വാക് പ്രയോങ്ങളുടെ വിവാദങ്ങൾ അങ്ങനെ നീളുന്നു അവ.

ഈ വർഷം അവസാനിക്കാൻ ഒരുമാസം മാത്രം ബാക്കി നിൽക്കെ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റാണ് കേരളത്തെ ഏറ്റവും കൂടുതൽ ബാധിച്ചത്. വർഷം അവസാനിക്കുമ്പോഴും കടലിൽ പോയ ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല, എഴുപതിലേറെ പേർക്ക് ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, വിഴിഞ്ഞം എന്നീ മേഖലകളിലാണ് കനത്ത ആൾ നാശമടക്കം സംഭവിച്ചത്.

ഓഖി ദുരന്തത്തിൽ പോലും മറച്ചുവെച്ച് വിവാദത്തിന്രെ തിരമാലകളാണ് കേരളത്തിൽ ഉയർന്നത്. മുൻകൂർ അറിയിപ്പ് കൊടുത്തുവെന്നും കേരളം ശ്രദ്ധിച്ചിലെലന്നുമായിരുന്നു ആദ്യം പരത്തിയ വാർത്ത ഇതിൽ പിടിച്ചായിരുന്നു വിവാദം. ഇത് പിന്നീട് പാർലമെന്രിൽ തിരുത്തി. നേരത്തെ ഇത് അറിയിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ആ പാപഭാരത്തിൽ നിന്നും കേരളം രക്ഷപ്പെട്ടു. പിന്നീട് അവിടെ ഉയർന്ന വിവാദം കാണാത പോയവരുടെ എണ്ണത്തെ കുറിച്ചാണ്. ആ വിവാദം ഇപ്പോഴും തിരയൊടുങ്ങാതെ അലയടിക്കുകയാണ്. സംസ്ഥാന സർക്കാരിന്രെ കണക്ക് ഒന്ന്, കേന്ദ്രത്തിന്രേത് വേറൊന്ന്. ഈ രണ്ടുമല്ലാത്ത കണക്കാണ് ഈ മേഖലയിൽ ഏറ്റവും കൂടതൽ സ്വാധീനമുളള ലത്തീൻ സഭയുടേത്.
2017 പുതു വർഷം തുടങ്ങിയപ്പോൾ തന്നെ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ആരംഭിച്ചത്. പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോളജ് അധികൃതരുടെ പീഢനമാണ് മരണകാരണമെന്ന് ആരോപണം ഉയർന്നു. ആ കേസ് കേരളമൊട്ടാകെ പടർന്നു പിടിച്ചു. അതിൽ നിന്നും തലയൂരാൻ സർക്കാർ ഏറെ പണിപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്രെ അമ്മ മഹിജയും അച്ഛനും ഡി ജിപിയെ കാണാൻ ശ്രമിക്കുകയും അവിടെ വച്ച് പൊലീസ് അവരെ കൈയേറ്റം ചെയ്തതും വിവാദങ്ങൾ ആളിക്കത്തിച്ചു. ഈ സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന മുൻ സിപി എം പ്രവർത്തകനും വി എസ് അച്യുതാനന്ദന്രെ പഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന കെ എം ഷാജഹാൻ,വിവാദ സ്വാമി ഹിമവൽ ഭദ്രാനന്ദ, ജിഷ്ണുവിന്രെ അമ്മയ്ക്കും അച്ഛനുമൊപ്പം എത്തിയിരുന്ന എസ് യു സി ഐ പ്രവർത്തകരായ ഷാജർഖാൻ, മിനി, ശ്രീകുമാർ, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവർക്ക് ജാമ്യം നൽകുകയായിരുന്നു.

യുവനടിയുടെ കാർ പിന്തുടർന്ന് ആക്രമിച്ച സംഭവമുണ്ടാകുന്നത്. ഫെബ്രുവരി ആയിരുന്നു സംഭവം. പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ ഇതിലെ പ്രതികളെ പൊലീസ് കോടതിയിൽ കയറിയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

ഇതിൽ പ്രതിയായി പിന്നീട് അറസ്റ്റ് ചെയ്തത് പ്രമുഖ നടൻ ദിലീപിനെയായിരുന്നു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് കേസ്. നടൻ ദിലീപിന് അറസ്റ്റ് ചെയ്തതോടെ പൊലീസിന്രെ നടപടിക്ക് കൈയടി കിട്ടി. ദിലീപിനെ അനുകൂലിക്കുന്നവരുടെ എതരഭിപ്രായവും ഇതിനെതിരെ ഉയർന്നു.

ഏപ്രിൽ മാസത്തിൽ കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവം അരങ്ങേറുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. വീടിനുളളിൽ അമ്മയെയും അച്ഛനെയും മകളെയും ബന്ധുവിനെയും വീടിനുളളിൽ കൊലപ്പെടുത്തിയതായിരുന്നു ഈ സംഭവം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117–ആം നമ്പർ വീട്ടിൽ റിട്ട. പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീൻ പത്മ(58), മകൾ കരോലിൻ (26), ബന്ധു ലളിത(70) എന്നിവർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മകൻ കാഡൽ ജീൻസൺ രാജ (30) പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കി. പീഡനവുമായി ബന്ധപ്പെട്ടാണ് പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു കേസ്. പിന്നീട് കേസ് പലവഴിക്ക് വഴി മാറി

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് സംബന്ധിച്ച വിവാദം അതിന് ശേഷം പ്രധാനമന്ത്രി ഉദ്ഘാടനത്തിനായി വരുന്നതും വിവാദമായി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ നിന്നും പ്രധാമന്ത്രിയുടെ ഓഫീസ് ഇ. ശ്രീധരനെ ഒഴിവാക്കി. വിവാദമായപ്പോൾ അദ്ദേഹത്തെ ഉൾപ്പെടുത്തി. പട്ടികയിൽ ഇല്ലാതിരുന്ന ബി ജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ കയറിയത് വിവാദത്തിനും പരിഹാസത്തിനും വഴിയൊരുക്കി.

മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രി എം എം മണിയുടെയും വാമൊഴി വഴക്കങ്ങളും വിവാദമാക്കുന്നതിൽ നിന്നും ഈ വർഷം വഴിമാറിയില്ല. എം എം മണി ദേവികുളം സബ് കലക്ടർക്കെതിരെയും പൊമ്പിളൈ ഒരുമൈയ്ക്ക് എതിരെയും സിപി ഐയക്ക് എതിരെയും നടത്തിയ വാക് പ്രയോഗങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചു. പൊമ്പിളൈ ഒരുമൈ പ്രവർത്തകർ മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരം നടത്തി.

സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിലാണ് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയത്. ഈ വിഷയത്തിൽ ചട്ടലംഘനം നടന്നുവെന്ന നിയമോപദേശത്തിന്രെ അടിസ്ഥാനത്തിലാണ് നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ദേശീയപതാക ഉയർത്തിയ സ്ഥലത്ത് ദേശീയഗാനം ആലപിച്ചില്ലെന്നതും നടപടിക്ക് കാരണമായി. എന്നാൽ ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞ് ബി ജെ പിയും രംഗത്തെത്തി.

സാമ്പത്തിക സംവരണം നടപ്പാക്കാൻ എൽ ഡി എഫ് സർക്കാർ അനുകൂല നിലപാടെടുക്കുന്നു എന്നതാണ് ഈ വർഷം നടന്ന വിവാദങ്ങളിലൊന്ന്. തങ്ങളുടെ അധികാരപരിധിയിലുളള ദേവസ്വം ബോർഡിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയാണ് സർക്കാർ തുടക്കം കുറിച്ചത്. മറ്റിടങ്ങിളിൽ സംവരണത്തിന് ഭരണഘടനാ ഭേദഗതി വേണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രി പ്രധാനമായും വിവാദമായത്  മാധ്യമ പ്രവർത്തകരോടുളള നിലപാടിലായിരുന്നു. ആർ എസ് എസ് , ബി ജെപി, സി പി എം നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് “കടക്ക് പുറത്ത് ” എന്ന മുഖ്യമന്ത്രിയുടെ പ്രയോഗമാണ് വിവാദവും കടന്ന് പുറത്ത് പോയി ട്രോളായി. അധികം വൈകുന്നതിന് മുമ്പ തന്നെ മുഖ്യമന്ത്രിയുടെ മറ്റൊരു പ്രയോഗവും വിവാദമായി. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിക്കുമ്പോൾ ചാനൽ മൈക്ക് മുഖത്ത് തട്ടിയെന്നതിന്രെ പേരിൽ ” മാറി നിൽക്ക് ” എന്ന പ്രയോഗമാണ് വിവാദത്തിന് വഴിയൊരുക്കിയത്. എ കെ ശശീന്ദ്രൻ ഫോൺകെണി വിവാദം അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന ദിവസം മാധ്യമ പ്രവർത്തകരെ സെക്രട്ടേറിയറ്റിന് മുന്നിൽ തടഞ്ഞത് വീണ്ടും വിവാദമായി. എന്നാൽ അത് താൻ അറിഞ്ഞിരിന്നില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി.

സോളാർ കമ്മീഷൻ റിപ്പോർട്ടാണ് മറ്റൊരു വിവാദത്തിനുളള ഊർജ്ജമായത്. കമ്മീഷൻ റിപ്പോർട്ടിൽ നിയമോപദേശത്തിന്രെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ സർക്കാർ തീരുമാനിക്കുകയും വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. പിന്നീട് നിയമസഭയിൽ റിപ്പോർട്ട് വച്ചപ്പോഴും വിവാദം വിട്ടൊഴിയാതെ ആരോപണങ്ങളുടെ വെളിച്ചം വീശി സോളാർ റിപ്പോർട്ട് നിന്നു.

ബി ജെ പിയും വിവാദങ്ങളിൽ ഒട്ടും മോശമായിരുന്നില്ല. ബിജെ പിയെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായത് മെഡിക്കൽ കോഴ അഴിമതിയുമായി ബന്ധപ്പെട്ടാണ്. ബിജെ പിയിലെ ചിലർ കോഴ വാങ്ങി എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണകമ്മീഷനെ വച്ചു. കമ്മീഷൻ റിപ്പോർട്ട് ചോർന്ന് വാർത്തയായി. കമ്മീഷൻ റിപ്പോർട്ടിലുളള ആരോപണവിധേയർക്കെതിരെ നടപടിയെടുത്തില്ലെങ്കിലും റിപ്പോർട്ട് ചോർന്നതിന്രെ പേരിൽ ബി ജെപിയിൽ നടപടിയുണ്ടായി.

കോൺഗ്രസിനെ സംബന്ധിച്ചടത്തോളം വിവാദം എല്ലായ്പ്പോഴും ഉണ്ടാകും പല വിവാദങ്ങളും കോൺഗ്രസ്സിൽ ഉണ്ടായെങ്കിലും പെട്ടെന്നൊന്നും അവസാനിക്കാത്ത വിവാദത്തിന് വഴിയൊരുക്കിയത് കെ. പി സി സി പ്രസിഡന്രിന്രെ ചുമതലവഹിക്കുന്ന എം എം ഹസ്സനാണ്. കെ. കരുണാരൻ അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ കുറ്റബോധം ഉണ്ടെന്നും കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റുന്ന ഒന്നും ചെയ്യരുതെന്ന് തന്നോടും ഉമ്മൻചാണ്ടിയോടും ആന്രണി ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്രെ കുമ്പസാരം. അത് അപ്പോൾ തന്നെ വിവാദമായി മാറി.

സംവരണത്തിന്രെ നിലവിലുളള ഘടനയെ അട്ടിമറിച്ച് സർക്കാർ നടപടികൾ ഉയർത്തിവിട്ട വിവാദം ഇന്നും തുടരുന്നു. ദേവസ്വം ബോർഡിൽ നടത്തുന്ന നിയമനത്തിലാണ് സർക്കാർ സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മുന്നാക്കസമുദായങ്ങളിലുളള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനത്തിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടാണ് സർക്കാർ തീരുമാനമെടുത്തത്. സാമൂഹിക നീതിക്കായി ഏർപ്പെടുത്തിയ സംവരണം എന്ന തത്വത്തെ സാമ്പത്തികാടിസ്ഥാനത്തിലാക്കുന്നത് ആ ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണെന്ന വിമർശനമാണ് ശക്തമായി ഉയർന്നിട്ടുളളത്.

വർഷാവസനവും കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകം അരങ്ങേറി. തലസ്ഥാനനഗരിയിലായിരുന്നു അതും സംഭവിച്ചത്. എൻജിനിയറിങ് വിദ്യാർത്ഥിയായ മകൻ അമ്മയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ചുകത്തിച്ചതാണ് കേസ്.

സിനിമാ രംഗത്തെ ആദ്യ വിവാദം യുവനടിക്കെതിരെ നടന്ന ക്വട്ടേഷൻ ആക്രമണമാണ് സിനിമാ രംഗത്ത് നിന്നുണ്ടായ ഈ വർഷത്തെ വിവാദങ്ങളുടെ തുടക്കം വർഷം അവസാനിക്കാറാകുമ്പോഴും മറ്റൊരു നടിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നു. ഇതിനിടയിൽ സിനിമയുടെ പേരും വിവാദമാക്കി ആക്രമണവുമായി സിനിമയ്ക്കെതിരെ കേന്ദ്രസർക്കാർ സംവിധാനങ്ങൾ പോലും തിരിയുന്ന അവസ്ഥയുണ്ടായി.

കലോത്സവത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥിനിയെ സുഹൃത്തായവിദ്യാർത്ഥി ആലിംഗനം ചെയ്തതിന് ഇരുവരെയും സ്കൂളിൽ നിന്നും പുറത്താക്കി തിരുവനന്തപുരം സെൻറ്തോമസ് സ്കൂൾ അധികൃതരെടുത്ത നിലപാടാണ് മറ്റൊരു വിവാദമായി മാറിയ സംഭവം. ഹൈക്കോടതി വരെ എത്തിയ കേസ് വർഷവാസനത്തോടെ ഒത്തുതീർപ്പിലെത്തിക്കുയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Yearender 2017 major events of kerala actress attack dileep cyclone ockhi