തൃശൂര്‍: പൂരനഗരിയില്‍ എല്ലാവരെയും ആവേശത്തിലാഴ്ത്തി നടന്‍ ജയസൂര്യയും സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയും. ഇരുവരും ചേര്‍ന്ന് നൃത്തം ചവിട്ടിയത് കാണികള്‍ക്കും ഹരമായി. തൃശൂരില്‍ പൊലീസ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തണ്‍ ഉദ്ഘാടന വേദിയിലാണ് സിറ്റി പൊലീസ് കമ്മിഷണറും നടന്‍ ജയസൂര്യയും ഒന്നിച്ച് സൂംബ കളിച്ചത്. ഓട്ടത്തിനു മുന്‍പ് വാം അപ് ചെയ്യാന്‍ വേണ്ടിയാണ് സൂംബ നൃത്തം സംഘടിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് സൂംബ നൃത്തം കളിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

സൂംബ നൃത്തസംഘത്തിനൊപ്പം യതീഷ് ചന്ദ്ര

സൂംബ നൃത്തം കളിക്കാന്‍ നൃത്തസംഘം ജയസൂര്യയോട് ആവശ്യപ്പെടുകയായിരുന്നു. മടികൂടാതെ താരം നൃത്തസംഘത്തിനൊപ്പം ചേര്‍ന്നു. കാണികള്‍ കയ്യടിയോടെയാണ് ജയസൂര്യയുടെ സൂംബ നൃത്തം ആസ്വദിച്ചത്. യതീഷ് ചന്ദ്രയും ജയസൂര്യക്കൊപ്പം കൂടി. സൂംബ നൃത്തം കഴിഞ്ഞപ്പോള്‍ ജയസൂര്യ ക്ഷീണിതനായി. ദീര്‍ഘനിശ്വാസം വിട്ട് താരം നൃത്തസംഘത്തെ നോക്കി പറഞ്ഞു: “നല്ല സ്റ്റാമിന വേണമല്ലേ, ഇതൊക്കെ കളിക്കാന്‍, ഇവരെ സമ്മതിക്കണം.”

Read Also: യതീഷ് ചന്ദ്രയെ സിനിമയിൽ എടുത്തോ? ജയസൂര്യ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പൊലീസ് സ്മൃതിയുടെ ഭാഗമായുള്ള മാരത്തണ്‍ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്യാനാണ് ജയസൂര്യ തൃശൂരിലെത്തിയത്. രാവിലെ ആറരയോടെയാണ് മാരത്തണ്‍ ഓട്ടം ആരംഭിച്ചത്. കമ്മിഷണര്‍ ഓഫീസ് മുതല്‍ അശ്വിനി ജംഗ്ഷന്‍ വരെയാണ് അഞ്ച് കിലോമീറ്റര്‍ ഓട്ടം സംഘടിപ്പിച്ചത്. ഓട്ടത്തില്‍ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ ഊര്‍ജം കണ്ട ജയസൂര്യ ഓട്ടക്കാരോട് പറഞ്ഞു. “അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോള്‍ ഉറപ്പായിട്ടും അത് യതീഷ് ചന്ദ്രയായിരിക്കും”

1959–ൽ ലഡാക്ക് അതിർത്തിയിൽ കാണാതായ 10 പൊലീസുകാരുടെ സ്മരണാർഥമാണ് ഒക്ടോബർ 21ന് പൊലീസ് സ്മൃതി ദിനമായി രാജ്യമെങ്ങും ആചരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.