സന്നിധാനം: വിവാദങ്ങള്‍ക്കിടെ യതീഷ് ചന്ദ്ര ഐ.പി.എസ് ശബരിമലയില്‍ ദര്‍ശനം നടത്തി. വെളളിയാഴ്ച്ച രാത്രിയാണ് അദ്ദേഹം പ്രാര്‍ത്ഥിക്കാനെത്തിയത്. സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്താണ് അദ്ദേഹം പ്രാര്‍ത്ഥിക്കാനായി എത്തിയത്. ശബരിമലയിലുണ്ടായിരുന്ന ഭക്തര്‍ അദ്ദേഹത്തിന് ചുറ്റും കൂടി.

പൊലീസ് വേഷത്തിലെത്തിയ അദ്ദേഹത്തിന് ചുറ്റും ഭക്തര്‍ കൂടി നിന്നു. അദ്ദേഹത്തോടെ കുശലും പറഞ്ഞും സെല്‍ഫി എടുത്തും ഭക്തര്‍ യതീഷ് ചന്ദ്രയെ വളഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നടപടികള്‍ ശക്തമായതോടെ പ്രതിഷേധം കുറഞ്ഞിരുന്നു. ഭക്തരുടെ വന്‍ഒഴുക്കാണ് വെളളിയാഴ്ച്ച ഉണ്ടായത്. ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടികളാണ് അദ്ദേഹത്തിനെ ഈ ദിവസങ്ങളില്‍ ശ്രദ്ധേയനാക്കിയത്. സംഘപരിവാർ നേതാക്കളെ വിറപ്പിച്ചും തീർത്ഥാടകർക്ക് സുഗമമായ ദർശനം സാധ്യമാക്കാനും മുമ്പിലുണ്ടായിരുന്നു യതീഷ് ചന്ദ്ര. ശശികലയും, സുരേന്ദ്രനും കേന്ദ്രമന്ത്രിമാരേയും പൊലീസിന്റെ നിയന്ത്രണത്തില്‍ നിന്നും പുറത്ത് വിട്ടില്ല.

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും, ശശികലയുടെ ബസ് തടഞ്ഞ് പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം മാത്രം സന്നിധാനത്തേയ്ക്ക് കടത്തിവിട്ടതും, സംഘപരിവാർ നേതാക്കളുടെ വാഹനങ്ങൾ തടഞ്ഞതും ഇതേ യതീഷ് ചന്ദ്രയാണ്.

യതീഷ് ചന്ദ്രയുടെ മുൻകാല ഓർമപ്പെടുത്തി ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. എസ്പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിൻ സമരത്തിൽ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി പരാമർശം ആയുധമാക്കി നിലയ്ക്കലിന് മുമ്പ് അങ്കമാലിയും, വൈപ്പിനും ഓർമ വേണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.