കൊച്ചി: ശബരിമലയിലെ മികച്ച പ്രവർത്തനത്തിന് സർക്കാർ സമ്മാനം നൽകിയതിന് പിന്നാലെ യതീഷ് ചന്ദ്രക്ക് തങ്ങളും സമ്മാനം നൽകുമെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. ഭീഷണി സ്വരത്തിലാണ് ബിജെപി നേതാവിന്റെ പ്രസ്താവന.
ശബരിമലയിലെ മികച്ച പ്രവർത്തനത്തിന് യതീഷ് ചന്ദ്രക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് താമ്രപത്രം നൽകിയത്. ഇതിന് പുറമെ
വിഎച്ച്‌പി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല അറസ്റ്റ് ചെയ്ത വനിത പൊലീസുകാർക്ക് മുഖ്യമന്ത്രി ക്യാഷ് അവാർഡും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് സമ്മാനം നൽകുമെന്ന് പ്രസ്താവിച്ചത്.
“യതീഷ് ചന്ദ്രക്ക് ഞങ്ങളും സമ്മാനം നൽകും. അത് എന്താണെന്ന് പിന്നീട് പറയാം,” എന്നായിരുന്നു യതീഷ് ചന്ദ്രയെ കുറിച്ചുളള ചോദ്യത്തിന് എഎൻ രാധാകൃഷ്ണന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനെ തൊഴുതു നിൽക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കണം എന്നാവർത്തിച്ച അദ്ദേഹം മലയിൽ നിന്ന് പൊലീസിനെ താഴെയിറക്കണം എന്നും പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് ബിജെപി സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.