സന്നിധാനം: നിലയ്ക്കലിൽ ഔദ്യോഗിക ചുമതലകൾക്കായി തന്നെ നിയോഗിച്ചത് ഭഗവാൻ തന്നെയാണെന്ന് സ്പെഷൽ ഓഫീസർ യതീഷ് ചന്ദ്ര. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ് തനിക്ക് നിലയ്ക്കലും സന്നിധാനത്തുമായി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘സേവനം ചെയ്യാൻ ഭഗവാൻ തന്നെയാണ് എന്നെ നിലയ്ക്കലിൽ എത്തിച്ചത്. രണ്ട് തവണ അയ്യപ്പനെ തൊഴുതു. തിങ്കളാഴ്ചയും മല കയറിയിരുന്നു. ഇനിയും പോകണമെന്നാണ് ആഗ്രഹം. എല്ലാ ദിവസവും പോയി ഭഗവാനെ കാണണമെന്നുണ്ട്,’ യതീഷ് ചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭക്തരായി എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ശബരിമലയിൽ മണ്ഡല കാലം തുടങ്ങിയപ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. എല്ലാം പൊലീസ് നിയന്ത്രണത്തിലാണ്. പൊലീസ് നിയന്ത്രണം എന്നാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

താനൊരു ഹിന്ദുവാണ്. ചെറുപ്പം മുതൽക്കേ ശബരിമലയിൽ വരാറുണ്ട്. ഇങ്ങിനെയൊക്കെ പറയേണ്ടി വരുന്നത് തന്നെ കഷ്ടമാണ്. നുണ പ്രചരിപ്പിക്കുന്നവർക്ക് എന്താണ് കിട്ടുന്നതെന്ന് അറിയില്ല. മതമോ ജാതിയോ രാഷ്ട്രീയമോ ജോലി ചെയ്യുമ്പോൾ നോക്കാറില്ല. നടി ഷീലയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.