കണ്ണൂര്‍: സിപിഎം പ്രവര്ത്തകന് യാക്കൂബ് വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി. ആര്‍എസ്എസ് വത്സന് തില്ലങ്കേരി അടക്കം 11 പേരെ വെറുതെ വിടുകയും ചെയ്തു. തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടേതാണ് വിധി.
ആര്‍എസ്എസ് നേതാവ് ശങ്കരന് അടക്കം 16 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. വത്സന് തില്ലങ്കേരിക്കെതിരെ ഗൂഢാലോചനാ കുറ്റമായിരുന്നു ചുമത്തിയിരുന്നത്. 2006 ജൂണ്‍ 13 നാണ് കൊലപതാകം നടക്കുന്നത്. ആര്‍എസ്എസ്-ബിജെപി സംഘം സുഹൃത്തിന്റെ വീട്ടില്‍ വച്ച് യാക്കൂബിനെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.
കീഴൂര്‍ മീത്തലെപുന്നാട് ശങ്കരന്, വിലങ്ങേരി മനോഹരന്, പുതിയ വീട്ടില്‍ വിജേഷ്, കോടത്തെക്കുന്ന് കോടേരി പ്രകാശന്, കീഴുര്‍ പുന്നാട് പി കാവ്യേഷ്, എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഉടനെ വിധിക്കും. ശങ്കരനാണ് ഒന്നാം പ്രതി.
കേസിലെ 14-ാം പ്രതിയായിരുന്നു വത്സന് തില്ലങ്കേരി. നേരത്തെ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പ്രതികള്‍ക്കായി ഹാജരായിരുന്നു.