സംഘപരിവാർ ഭീഷണിയെ തുടർന്ന് നോവൽ പ്രസിദ്ധീകരണം മൂന്നാം ലക്കത്തോടെ പിൻവലിക്കേണ്ടി വന്ന യുവ സാഹിത്യകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ് ഹരീഷിന് പിന്തുണയുമായി കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക സമൂഹം രംഗത്തെത്തി.
ഹരീഷിനും കുടുംബാംഗങ്ങൾക്കും നേരെ സൈബർ ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം നോവൽ പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന മാതൃഭൂമിക്ക് നേരെയും നടന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് ലക്കങ്ങൾ മാത്രം പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവൽ താൻ പിൻവലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കി. നോവൽ വായിക്കാൻ സമൂഹമനസ്സ് പാകമാകുമ്പോൾ മാത്രം നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു.
ഹരീഷിന് പിന്തുണയുമായി നിരവധി സാഹിത്യകാരന്മാരും രാഷ്ട്രീയപ്രവർത്തകരും രംഗത്തെത്തി. മന്ത്രി ജി. സുധാകരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദൻ, ശശി തരുർ, എം എ ബേബി, എം മുകുന്ദൻ, സച്ചിദാനന്ദൻ, അനിതാ നായർ, കെ ആർ മീര, സുഭാഷ് ചന്ദ്രൻ, ഇ. സന്തോഷ് കുമാർ എൻ പ്രഭാകരൻ, കരുണാകരൻ, സക്കറിയ, പി എൻ ഗോപീകൃഷ്ണൻ, റഫീക്ക് അഹമ്മദ്, എൻ ഇ സുധീർ, കെ പി രാമനുണ്ണി, അയ്മനം ജോൺ, ജയകൃഷ്ണൻ, പ്രമോദ് രാമൻ, സുസ്മേഷ് ചന്ത്രോത്ത്, ഫ്രാൻസിസ് നൊറോണ, സന്തോഷ് ഏച്ചിക്കാനം അബിൻ ജോസഫ്, എസ് കലേഷ്, കെ എൻ പ്രശാന്ത്, നിരവധിപേർ ഹരീഷിന് പിന്തുണയുമായി രംഗത്തെത്തി. ലേഖനങ്ങളിലൂടെയും പ്രസ്താവനകളിലും ചിത്രം കഥ എന്നിവയിലൂടെ സോഷ്യൽ മീഡിയയിലുമാണ് അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
നോവൽ പ്രസിദ്ധീകരിക്കാൻ എഴുത്തുകാരനും മാതൃഭൂമിയും തയ്യാറാകണം: വി. എസ്
വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന-ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനഃപരിശോധിക്കണം. നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ഒരു നോവലിന്റെ രണ്ടോ മൂന്നോ അദ്ധ്യായം പുറത്തുവന്നപ്പോള്‍ത്തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷരവിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം. അക്ഷരങ്ങളുടെയും എഴുത്തിന്റെയും ഭാനനാത്മകമായ സൗന്ദര്യമാണ് ജീവിത നന്മകളുടെ സൗന്ദര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ ഫാസിസ്റ്റുകളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടില്‍ അതിക്രമിച്ചു കടന്ന ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് പട അവിടത്തെ ഗ്രന്ഥശേഖരങ്ങള്‍ അഗ്നിക്കിരയാക്കിയ ചരിത്ര സംഭവം സംഘികളുടെ അക്ഷരവിരോധവുമായി കൂട്ടിവായിക്കേണ്ടതാണ്.
സംഘപരിവാറിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം തയ്യാറാവണമെന്നും വിഎസ് പറഞ്ഞു.
ഹരീഷിനായി പൗരസമൂഹം രംഗത്തിറങ്ങണം: മന്ത്രി ജി. സുധാകരൻ
ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹരീഷ് ‘മീശ’ എന്ന നോവൽ പിൻവലിക്കരുതായിരുന്നുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മൗലികവാദികളുടെ ഭീഷണിയുടെ പേരിൽ എഴുത്ത് നിർത്തരുത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി രംഗത്തിറങ്ങണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് നാണക്കേട്: ആഭ്യന്തര വകുപ്പിന്റെ മൗനം ദുരൂഹം രമേശ് ചെന്നിത്തല
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ക്കിഷ്മില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല. കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയും നിശബ്ദരാക്കപ്പെടുകയും ചെയ്തവരാണ്. എന്നാല്‍ കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണ്.
എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കഥാപാത്രത്തിന്റെ സംഭാഷണത്തിന്‍െ പേരില്‍ കഥാകൃത്തിനെ വേട്ടയാടുന്നവര്‍ക്ക് സാഹിത്യമെന്തെന്നും സംസ്‌കാരമെന്തെന്നും അറിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ കുടക്കീഴിലായിരിക്കുകയാണെന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുകയാണ്. നോവലിസ്്റ്റ് ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന അഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആവിഷ്കാരസ്വാതന്ത്ര്യം തടയാൻ അനുവദിക്കരുത് – പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ
‘മീശ’ എന്ന നോവലിന്റെ പേരിൽ സംഘപരിവാർ ആക്രമണം നേരിടുന്ന എഴുത്തുകാരൻ എസ്.ഹരീഷിന് സമൂഹം സുരക്ഷിതത്വം നൽകണമെന്ന് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ചില കൃതികളിലെ കഥാപാത്രങ്ങൾ പാത്രസ്വഭാവത്തിനനുസരിച്ച് നടത്തുന്ന സംഭാഷണങ്ങൾക്ക് എഴുത്തുകാരനിൽ കുറ്റം ആരോപിച്ച് വിചാരണയ്ക്കു മുതിരുന്നത് ആസ്വാദനത്തിന്റെ പോരായ്മയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ്.ഇത് ഒരു ജനാധിപത്യ സമൂഹത്തിനും അനുവദിച്ചു കൊടുക്കാനാവുകയില്ല.
Read More:’കീരിക്കാടനെ കൊണ്ട് താരാട്ട് പാടിക്കുമ്പോൾ’- ഇ. സന്തോഷ് കുമാർ എഴുതുന്നു
എക്കാലത്തും സാമൂഹിക മാറ്റത്തിന് സാഹിത്യ കൃതികൾ കാരണമായിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കരുത്.കേരളത്തിന്റെ പുരോഗമന മുഖം സൃഷ്ടിച്ചതിലും കാത്തു സൂക്ഷിച്ചതിലും സാഹിത്യ കൃതികൾക്കുളള പങ്ക് മറക്കാൻ കഴിയുകയില്ല. ഏതെങ്കിലും മതത്തെ കരുതി കൂട്ടി അവഹേളിച്ച് സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശം ഹരീഷിന്റെ കൃതിയിൽ പ്രകടമാകാത്ത സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് ദുരുപദിഷ്ടിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതു ചെറുത്തു തോൽപ്പിക്കുകയും എഴുത്തുകാരനൊപ്പം നിൽക്കുകയും വേണമെന്ന് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.പി.രാമനുണ്ണിയും ജനറൽ സെക്രട്ടറി ഡോക്ടർ വള്ളിക്കാവ് മോഹൻദാസും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
സംഘപരിവാർ ഫാസിസത്തിന് മുന്നിൽ പേന മടക്കിവെയ്ക്കരുതെന്ന് രാജ്യാന്തര ചലച്ചിത്ര കൂട്ടായ്മ
രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോട്ട് ഫിലിം ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ തിരുവനന്തപുരത്ത് ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചു. സംഘപരിവാർ ഫാസിസത്തിന് മുന്നിൽ കീഴടങ്ങാനാവില്ലെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു. സി പി എം നേതാവ് എം എ ബേബി, കവിതലങ്കേഷ്, ആനന്ദ് പട്‌വർധൻ, ബീനാ പോൾ, രാകേഷ് ശർമ്മ എന്നിവരും കൂട്ടായ്മയിൽ പങ്കെടുത്തു.
ചിത്രം വരച്ചാണ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ റഫീക്ക് അഹമ്മദ് നിലവിലത്തെ സാഹചര്യത്തോട് പ്രതികരിച്ചത്. ഇനി ഈ മീശ മതി എന്ന കാർട്ടൂൺ ചിത്രത്തിലൂടെയാണ് കവിയുടെ പ്രതിഷേധം രേഖപ്പെടുത്തിയത്
ഹരീഷ് പറയുന്നത് തന്നെയാണ് ശരി.’പ്രബുദ്ധ കേരളം ‘ ‘മീശ ‘വായിക്കാൻ മാത്രം മുതിർന്നിട്ടില്ല .അത് വരെ ഈ ബാലനോവൽ വായിച്ച് തൃപ്തിപ്പെടുക എന്നായിരുന്നു അയ്മനം ജോണിന്റെ പ്രതികരണം. അദ്ദേഹം ഫെയ്‌സ് ബുക്കിൽ ഇതിനൊപ്പം ഒരു മീശ എന്ന പേരിൽ ഒരു “ബാലനോവലും” എഴുതി പ്രതിഷേധം രേഖപ്പെടുത്തി.
Read More on this
‘പ്രാണഭയം എഴുത്തുകാർക്കുമുണ്ട്’ കരുണാകരൻ എഴുതുന്നു
ഹരീഷിന്റെ ‘മീശ’യും അതിഹൈന്ദവരുടെ ഭീരുത്വവും എൻഇ സുധീർ എഴുതുന്നു