കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരെക്കെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. 63 വയസായിരുന്നു.
ഇന്നു രാവിലെ ഒന്‍പത് മണി മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരം മൂന്ന് മണി കഴിഞ്ഞ് നരയംകുളത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.
കുഞ്ഞാലി മരക്കാര്‍, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്നിവയാണ് പ്രശസ്ത നോവലുകള്‍. 2014 ല്‍ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്കായിരുന്നു പുരസ്കാരം.
1959-ല്‍ പാലേരിയിലാണ് ജനനം. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ കവിതകള്‍ എഴുതിതുടങ്ങിയിരുന്നു. പാട്രിയേറ്റ് പത്രത്തില്‍ ജീവനക്കാരാനായണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. കാലിക്കറ്റ് സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്നീ കൃതികള്‍ പിന്നീട് സിനിമയായിരുന്നു. പാലേരി മാണിക്യത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന വേഷം ചെയ്തിരുന്നു. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ‘ഞാന്‍’ എന്ന പേരിലായിരുന്നു കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായത്.