തിരുവനന്തപുരം: അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്ന ബി സുജാതാ ദേവി അന്തരിച്ചു.  72 വയസായിരുന്നു. ഏതാനും ആഴ്ചകളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  രാവിലെ മൂന്ന് മണിക്കായിരുന്നു അന്ത്യം.

എഴുത്തുകാരി സുഗതകുമാരി, മണ്മറഞ്ഞ വിദ്യാഭ്യാസ വിചക്ഷണ ഹൃദയകുമാരി എന്നിവരുടെ ഇളയ സഹോദരിയാണ്. സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും കാർത്യായനി അമ്മയുടെയും മകളായി 1946 ൽ ജനിച്ചു.

തിരുവനന്തപുരം വിമൻസ് കോളജിൽ ഇംഗ്ലീഷ് അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുജാത ദേവി, പട്ടാമ്പി ഗവൺമെന്റ് കോളജ്,  എറണാകുളം മഹാരാജാസ് കോളേജ്, ചാലക്കുടികോളജ് കോളജ് തുടങ്ങി  കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. പഠിപ്പിച്ചു.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നുമാണ് വിരമിച്ചത്.    ദേവി എന്ന പേരില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്.  ‘കാടുകളുടെ താളം തേടി’ എന്ന സഞ്ചാര സാഹിത്യ കൃതിക്ക്   യാത്രാവിവരണത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ 1999 ലെ അവാർഡ് ലഭിച്ചിട്ടുണ്ട്.  ഹിമാലയൻ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം രചിച്ചത്. സുജാത എന്ന പേരിലാണ്  ഗദ്യസാഹിത്യം എഴുതിയിരുന്നത്.

ഭര്‍ത്താവ് പരേതനായ പി ഗോപാലകൃഷ്ണന്‍ നായര്‍, മക്കള്‍. പരമേശ്വരന്‍ (സഞ്ജു), പരേതനായ ഗോവിന്ദന്‍ (ഉണ്ണി), പദ്മനാഭന്‍ (കണ്ണന്‍)

സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.  അന്ത്യോപചാരം സുഗതകുമാരിയുടെ വസതിയായ നന്താവനത്തെ ‘വരദ’യില്‍.

വായിക്കാം: സുജാത ടീച്ചറെക്കുറിച്ച് ‘മറക്കാനാവാത്തവര്‍ പംക്തിയില്‍ അഷിത എഴുതിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ