scorecardresearch

Latest News

‘അട്ടയെപ്പോലെ അധികാരത്തില്‍ കടിച്ചു തൂങ്ങുന്നവര്‍; ഇനി റോബര്‍ട്ട് വദ്ര കൂടി വരാത്തതിന്റെ കുറവെ ഉള്ളു’

എല്ലാ കാലത്തും ജയിക്കാമെന്ന് ധരിച്ച് രാഹുൽ അമേഠിയിലേക്ക് തിരിഞ്ഞുനോക്കിയില്ല, ഒടുവില്‍ വയനാട്ടിലേക്ക് വരേണ്ടി വന്നെന്നും ടി. പത്മനാഭൻ പരിഹസിച്ചു

T Padmanabhan, Writer, Congress

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. “അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതാണ് തുടര്‍ തോല്‍വികളുടെ കാരണം. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഉത്തരവാദി കോണ്‍ഗ്രസ് തന്നെയാണ്, മറ്റാരെയും പഴിക്കേണ്ടതില്ല,” അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിക്കുടുംബത്തിനേയും പത്മനാഭന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. “എല്ലാ കാലത്തും ജയിക്കാമെന്ന് ധരിച്ച് രാഹുൽ അമേഠിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ സ്മൃതി ഇറാനി അവിടെ ജയിച്ചു. രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നു. റോബര്‍ട്ട് വദ്രയും രാഷ്ട്രിയത്തിലേക്കെന്ന പ്രഖ്യാപനം വന്നിരുന്നു, ഇനി വദ്ര വരാത്തതിന്റെ കുറവെ കോണ്‍ഗ്രസിനുള്ളു,” പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

“കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ത്തിയും ദുരാശയുമാണ്. സ്ഥിരമായി ജയിച്ചിരുന്ന അമേഠി കൈവിട്ടു. ഒരു കാര്യത്തില്‍ സ്മൃതി ഇറാനിക്ക് ഹാറ്റ്സ് ഓഫ്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അഞ്ച് വര്‍ഷവും അവര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി അഞ്ച് വര്‍ഷത്തിന് ശേഷമാണ് അവിടെ ചെന്നത് തന്നെ,” പത്മനാഭന്‍ പറഞ്ഞു.

എറണാകുളം ഡിസിസി ഓഫിസില്‍ പോൾ പി മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടന വേദിയിലായിരുന്നു പത്മനാഭന്റെ പരാമര്‍ശങ്ങള്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എം. എം. ഹസനുമടക്കമുള്ള ഉന്നത നേതാക്കന്മാര്‍ വേദിയിലിരിക്കെയായിരുന്നു പരിഹാസവും വിമര്‍ശനവും.

എറണാകുളത്തെ വായനക്കാര്‍ക്കായി ലൈബ്രറി

എറണാകുളത്തെ വായനക്കാര്‍ക്ക് വേണ്ടിയാണ് ഡിസിസി ഓഫിസിലെ പോള്‍ പി മാണി ലൈബ്രറി ഒരുക്കിയിരിക്കുന്നത്. 25,000 പുസ്കങ്ങളാണ് വായനക്കാര്‍ക്കായി ലൈബ്രറിയില്‍ കാത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പുസ്തകങ്ങളുടെ എണ്ണം ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമായി ലൈബ്രറിയോട് ചേര്‍ന്ന് സബര്‍മതി പഠനഗവേഷണ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

Also Read: പുറത്തിറങ്ങിയാല്‍ പൊള്ളും! സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ ജാഗ്രത

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Writer t padmanabhan slams congress leadership and gandhi family