കണ്ണൂർ: പരാതിയുമായെത്തിയ വൃദ്ധയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെ വിമർശിച്ച് കഥാകൃത്ത് ടി.പത്മനാഭൻ. വൃദ്ധയോട് ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് ജോസഫൈൻ പെരുമാറിയതെന്നും ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനാണെന്നും പത്മനാഭൻ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.ജയരാജൻ അടക്കമുളള പാർട്ടി നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പത്മനാഭൻ ക്ഷോഭിച്ചത്.

Read More: രാജ്യത്ത് 14,849 പേർക്കുകൂടി കോവിഡ്; കേരളത്തിൽ മാത്രം 6960 പുതിയ രോഗികൾ

87 വയസ്സുളള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായി പോയെന്നും വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയക്കുന്നതായും പത്മനാഭൻ പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളിൽ മുങ്ങിപ്പോകുന്നതിൽ ജാഗ്രത വേണമെന്നും അദ്ദേഹം ജയരാജനോടായി പറഞ്ഞു.

അതിനിടെ, തനിക്കെതിരെ പ്രചരിക്കുന്നത് അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാർത്തകളെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പ്രതികരിച്ചു. വിളിച്ചയാളുടെ ആശയവിനിമയത്തിൽ അവ്യക്തത ഉണ്ടായിരുന്നുവെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും അവർ പറഞ്ഞു. വൃദ്ധയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കിടപ്പുരോഗിയായ പരാതിക്കാരി നേരിട്ട് ഹാജരാകണമെന്ന് ജോസഫൈൻ പറഞ്ഞത് വിവാദമായിരുന്നു. അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റു കിടപ്പിലായ 89കാരി ലക്ഷ്മിക്കുട്ടിയമ്മയോടാണ് ജോസഫൈൻ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.