തിരുവനന്തപുരം: അയ്യൻകാളിയുടെ ജീവചരിത്രകാരനും പ്രമുഖ ചരിത്രകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ടി.എച്ച്.പി.ചെന്താരശ്ശേരി (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ടി.ഹീരാ പ്രസാദ് എന്നാണ് യഥാര്‍ഥ പേര്.

അയ്യൻകാളിയുടെ ജീവചരിത്രം ആദ്യമായി എഴുതിയത് ചെന്താരശ്ശേരിയായിരുന്നു. അയ്യൻകാളിയുടെ ജീവചരിത്രകാരനെന്ന നിലയിൽ ശ്രദ്ധേയനായ ചെന്താരശ്ശേരി നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മുഖ്യാധാരയും അക്കാദമിക് ലോകവും അവഗണിച്ച ഇടങ്ങളെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു അദ്ദേഹം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷണല്‍ ദലിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം. അയ്യങ്കാളിയുടെ ജീവചരിത്രം, ഡോ.ബി.ആര്‍.അംബേദ്കറെ കുറിച്ചുള്ള സമഗ്രമായ രചനകളും ഉൾപ്പടെ നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ബി.ആര്‍.അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നീ നവോത്ഥാന നായകന്‍മാരെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ, നോവല്‍, നാടകം, യാത്രാവിവരണം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ എന്നിവ ഉൾപ്പടെ നാൽപ്പതോളം കൃതികൾ ചെന്താരശ്ശേരി രചിച്ചു.

സാധുജന പരിപാലന സംഘത്തിന്റെ സജീവപ്രവര്‍ത്തരായിരുന്ന മാതാപിതാക്കളുടെ മകനായി 1928 ജൂലൈ 29 ന്  തിരുവല്ല ഓതറയിലെ എണ്ണിക്കാട്ട് തറവാട്ടിൽ ജനിച്ചു. തിരുവനന്തപുരം പട്ടത്തായിരുന്നു താമസം. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്ന ചെന്താരശ്ശേരിയുടെ പിതാവ് കണ്ണൻ.  ഓതറ പ്രൈമറി സ്കൂൾ, ചെങ്ങന്നൂർ ഗവ. ഹൈസ്കൂൾ, കോട്ടയം കാരാപ്പുഴ എന്.എസ്സ്.എസ്സ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി സെന്റ്.ബെർക്ക്മെൻസ് കോളേജ്,തിരുവനന്തപുരം മാർ ഇവാനിയസ് കോളേജ്,തിരുവനന്തപുരം എം.ജി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം ഏജീസ് ഓഫീസിൽ ജോലിയില്‍ നിന്നും 1986 ല്‍ വിരമിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.