കൊച്ചി: സന്തോഷ് ഏച്ചിക്കാനം മലയാളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരിലൊരാളാണ്. സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞ ‘ബിരിയാണി’ എന്ന അദ്ദേഹത്തിന്റെ ചെറുകഥ ഈയടുത്ത കാലത്ത് വലിയ ചർച്ചയായി. ചർച്ചയായതും ചർച്ചയാക്കിയതും എല്ലാം ഫെയ്സ്ബുക്ക്. കഥ അച്ചടിച്ചു വന്ന ആഴ്ചപ്പതിപ്പിനേക്കാൾ കൂടുതൽ ആഴത്തിൽ ബിരിയാണി കഥ ചർച്ച ചെയ്‌തതും സോഷ്യൽ മീഡിയ തന്നെ.
ബിരിയാണി മുസ്‌ലിം വിരുദ്ധമെന്ന് റൂബിൻ ഡിക്രൂസ് പറഞ്ഞത് ചർച്ചയായപ്പോൾ, അതിനെ വിമർശിക്കാനും ഒപ്പമുണ്ടായത് സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിദ്ധ്യമായവർ തന്നെ. എന്നാൽ സോഷ്യൽ മീഡിയയിൽ സാഹിത്യസൃഷ്ടികൾ എഴുതുന്നവരുടേത് വെറും ആത്മരതിയാണെന്നും അതിന് താഴെ അഭിപ്രായം പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നുമെല്ലാമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ നിലപാട്.
മാതൃഭൂമി പത്രത്തിലെ കേട്ടതും കേൾക്കേണ്ടതും എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ഈ അഭിപ്രായം സോഷ്യൽ മാധ്യമങ്ങളിൽ ചർച്ചയായത്.
സന്തോഷ് ഏച്ചിക്കാനം നടത്തിയ അഭിപ്രായത്തിന്റെ പൂർണ്ണരൂപം ഇങ്ങിനെ
“സോഷ്യൽ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്കുതോന്നിയിട്ടില്ല. അത് സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം. അവരെന്തിനാണ് പുസ്തകം ഇറക്കുന്നത്? അതിൽത്തന്നെ എഴുതിയാൽ പോരേ? ആത്മരതിയുടെ ഇടമാണ് അവിടം. അതിന് പൂട്ടില്ല. ഏത് മണ്ടനും വന്ന്, അതിലഭിപ്രായം പറയാം. ആർക്കുവന്നും അതിൽക്കയറി മലമൂത്ര വിസർജനം നടത്താം. അത് കഴുകേണ്ട ഉത്തരവാദിത്ത്വം പിന്നെ നമ്മളുടേതാകും. ഇതാണ് സോഷ്യൽമീഡിയ നൽകുന്ന ഗതികേട്.”
എന്നാൽ ഇതിനെതിരെ സോഷ്യൽ മാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിച്ചു തുടങ്ങി. പ്രമുഖ മാധ്യമപ്രവർത്തകൻ എസ്.ലല്ലു ഈ അഭിപ്രായത്തിൽ ഭാഗികമായാണ് വിയോജിച്ചത്. ഏത് മണ്ടനും വന്ന് അഭിപ്രായം പറയാമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
റാംമോഹൻ പാലിയത്തിന്റെ അഭിപ്രായത്തിൽ സോഷ്യൽ മീഡിയ തന്നെയാണ് ഏറ്റവും നല്ല ഇടം. കുറഞ്ഞ പക്ഷം പരിസ്ഥി സൗഹൃദമാണ് സോഷ്യൽ മാധ്യമങ്ങൾ എന്ന് കൊച്ചിയിൽ പബ്ലിക് റിലേഷൻസ് പ്രൊഫഷണലായി ജോലി ചെയ്യുന്ന എഴുത്തുകാരനായ ഇദ്ദേഹം പറയുന്നു.
മാധ്യമപ്രവർത്തകനും സന്തോഷ് ഏച്ചിക്കാനത്തിന്റെ നാട്ടുകാരനുമായ രഹനാസ് മടിക്കൈ , ലൈഫ് ബോയ് സോപ്പിട്ട് ഒന്നുകൂടി നന്നായി കുളിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.
സമകാലിക വിഷയങ്ങളെ കഥാരൂപത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുള്ള അസി അസീബ് പുത്തലത്ത് വേറിട്ട രീതിയിലാണ് സന്തോഷിനെതിരായ വിമർശനം ഉന്നയിച്ചത്. തെങ്ങിൻ തോപ്പിൽ ക്രിക്കറ്റ് കളിക്കുന്നത് ആത്മരതി- സച്ചിൻ തെണ്ടുൽക്കർ, അമ്പലക്കുളത്തിൽ നീന്തുന്നത് ആത്മരതി – മൈക്കൽ ഫെൽപ്സ്, കക്കൂസിൽ മൂളിപ്പാട്ട് പാടുന്നത് ആത്മരതി- ജേശുദാസ്.. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഇങ്ങിനെ പോകുന്നു പ്രതികരണങ്ങൾ. ഒടുവിൽ എഴുത്തിനെ പിന്തുണച്ച് ഒപ്പം നിന്നവരെ തന്നെ മണ്ടന്മാരും ആത്മരതിക്കാരുമാക്കിയോ എഴുത്തുകാരൻ എന്നതാണ് സംശയം.