കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. 79 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.40നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഖബറടടക്കം  വടകര കാരക്കാട് ജുമാ മസ്‌ജ്‌ദിൽ വൈകുന്നേരം നടന്നു. കോഴിക്കോട് നഗരത്തിലും വടകരയിലും പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം.

1980ൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകള്‍’ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1978ലും 1980ലും കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2010ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ് നേടി. യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ട്.

1940ൽ വടകരയിലാണു പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിലായിരുന്നു കലാലയ പഠനം. അലിഗഡ് മുസ്‌ലിം സർവകലാശായിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. 1970 മുതൽ 1973 വരെ ഗവ. സർവീസിൽ ഡോക്‌ടറായിരുന്ന പുനത്തിൽ 74 മുതൽ 1996 വരെ സ്വകാര്യ നഴ്‌സിങ് ഹോം നടത്തിവരികയായിരുന്നു. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്‌ഠിച്ചു. ഏഴു നോവലെറ്റുകൾക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്.

സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ എന്നിവയാണ് പ്രധാന നോവലുകള്‍. അലിഗഡ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ‘നഷ്ടജാതകം’ എന്ന ആത്മകഥയും ‘ആത്മവിശ്വാസം വലിയമരുന്ന്’, ‘പുതിയ മരുന്നും പഴയ മരുന്നും’ തുടങ്ങിയ ലേഖനസമാഹാരങ്ങളും ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ബ​ഷീ​റി​നു​ശേ​ഷം റി​യ​ലി​സ്റ്റി​ക് എ​ഴു​ത്തു​കാ​ര​നെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് കു​ഞ്ഞ​ബ്ദു​ള്ള​യാ​യി​രു​ന്നു. ല​ളി​ത​മാ​യ ഭാ​ഷ, ഫ​ലി​തം, ജീ​വി​ത​നി​രീ​ക്ഷ​ണം, ക​ഥാ​ഖ്യാ​ന​ത്തി​ലെ സ​വി​ശേ​ഷ​ത എ​ന്നി​വ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ എ​ഴു​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.