scorecardresearch

'ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്‌ലിങ്ങളെയും ഈഴവരെയും പോലെ നായന്മാരെയും സൂക്ഷിക്കുക'; പരിഹാസ ശരമെയ്ത് സക്കറിയ

വർഗീയ പരാമർശങ്ങൾ നടത്തിയ പാലാ ബിഷപ്പിനും ഫാ. റോയി കണ്ണൻ ചിറയ്ക്കും അതിനെ പിന്തുണച്ചെത്തിയവർക്കുമെതിരെ രൂക്ഷ പരിഹാസവുമായി എഴുത്തുകാരൻ സക്കറിയ വീണ്ടും

വർഗീയ പരാമർശങ്ങൾ നടത്തിയ പാലാ ബിഷപ്പിനും ഫാ. റോയി കണ്ണൻ ചിറയ്ക്കും അതിനെ പിന്തുണച്ചെത്തിയവർക്കുമെതിരെ രൂക്ഷ പരിഹാസവുമായി എഴുത്തുകാരൻ സക്കറിയ വീണ്ടും

author-image
WebDesk
New Update
Love Jihad, Narcotic Jihad, Paul Zacharia, Paul Zacharia on Love Jihad, writer Paul Zacharia on Pala Bishop statement, zacharia facebook post, writer Sakkaria, indian express malayalam, ie malayalam

ഫൊട്ടോ: ഫേസ്ബുക്ക്/പോൾ സക്കറിയ

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിങ്ങനെ വർഗീയ പരമാർശങ്ങളുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും ഫാ. റോയി കണ്ണൻചിറയും ക്രൈസ്തവ സഭയിലെ ഒരുവിഭാഗം പുരോഹിതന്മാരും ഒരുപിടി വിശ്വാസികളും രംഗത്തിറങ്ങിയതിനെ നർമമധുരമായി വിമർശിച്ച് എഴുത്തുകാരൻ സക്കറിയ.

Advertisment

ഈ വിഷയത്തിൽ കൃത്യമായ പ്രതികരണങ്ങളുമായി സെപ്റ്റംബർ 12 മുതൽ സക്കറിയ സമൂഹ മാധ്യമത്തിലുണ്ട്. അതിലേറ്റവും പുതിയ വിമർശനത്തിലാണ് അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ കൊണ്ടുവന്ന് പരിഹാസ ശരമെയ്യുന്നത്.  മാത്രമല്ല, ഗൗരിയമ്മ ടിവി തോമസിനെ ചോർത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നോയെന്ന് അന്വേഷിക്കണമെന്നും സക്കറിയ പരിഹസിച്ചു.

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നീ വിദ്വേഷ പരാമർശങ്ങളുമായി പാലാ ബിഷപ്പും അതിനു പിന്നാലെ ഈഴവർ ലൗജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ  ആരോപണവുമായി വൈദികനും രംഗത്ത് എത്തിയിരുന്നു. ദീപിക ബാലജനസഖ്യം ഡയറക്ടർ ഫാ. റോയി കണ്ണൻ ചിറയാണ് ഈഴവ സമുദായത്തിനെതിരെ പരാമർശം നടത്തിയത്.

ഈ രണ്ട് പരാമർശങ്ങളും ക്രൈസ്തവ സഭ ആദ്യമായി നടത്തുന്നതല്ല. ഇടുക്കി രൂപതാ മെത്രനായിരുന്ന ബിഷപ്പ് മാത്യു ആനക്കുഴിക്കാട്ടിൽ ഇതേ ആരോപണം ഏകദേശം ആറ് വർഷം മുമ്പ് ഉന്നയിച്ചിരുന്നു. മുസ്‌ലിം, ഈഴവ സമുദായത്തിനെതിരെ ഒന്നിച്ചാണ് അന്ന് ആരോപണം ഉന്നയിച്ചത്. അന്ന് ഈഴവ സമുദായം അതിശക്തായി പ്രതികരിച്ചതോടെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ, വെള്ളപ്പള്ളി നടേശന് കണിച്ചക്കുളങ്ങരയിൽ വന്നുകണ്ട് പ്രശ്നം പറഞ്ഞ് പരിഹരിക്കുകയായിരുന്നു.

Advertisment

അതേ ആരോപണം വീണ്ടും ഉന്നയിക്കപ്പെട്ടതോടെ കേരളത്തിലെ അന്തരീക്ഷം കലുഷിതമായി. നേരത്തെ തന്നെ പാലാ ബിഷപ്പ് ഉന്നയിച്ച വിദ്വേഷപ്രചാരണത്തിനെതിരെ സക്കറിയ രംഗത്ത് വന്നിരുന്നു. "പാലാ ബിഷപ്പും മുസ്‌ലിം നർക്കോട്ടിക്സും" എന്ന തലക്കെട്ടിൽ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് സക്കറിയ ബിഷപ്പ് നടത്തിയ വർഗീയ പരാമർശത്തിനെതിരെ ആഞ്ഞടിച്ചത്.

Also Read:‘ബിഷപ് ഒരു വിരൽ മുസ്‌ലിങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ മറ്റൊരു വിരൽ അദ്ദേഹത്തിന് നേരെയും ചൂണ്ടപ്പെടുന്നു’: സക്കറിയ

ഇത്തവണ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ 'പ്രേമലേഖനം' എന്ന സാഹിത്യ കൃതി ആധാരമാക്കിയാണ് സക്കറിയ സഭയുടെ പേരിൽ ഉത്തവാദിത്തപ്പെട്ടവർ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവന്നത്. "സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട്" എന്ന തലക്കെട്ടിൽ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിൽ  പ്രേമലേഖനത്തിലെ വരികൾ ഉദ്ധരിച്ചാണ് സഭാധികാരികളെ പരിഹസിക്കുന്നത്. 

ലൗ ജിഹാദ് തുടങ്ങിയത് നായന്മാരാണെന്ന സത്യം ഇന്നലെ താൻ കണ്ടെത്തിയന്നും വൈക്കം മുഹമ്മദ് ബഷീർ 1943 ൽ എഴുതിയ പുസ്തകത്തിന്റെ ഒന്നാം താളിൽനിന്ന് ഈ നഗ്ന സത്യം തന്നെ തുറിച്ചു നോക്കുന്നതായും അദ്ദേഹം നർമത്തിൽ പൊതിഞ്ഞ് എഴുതുന്നു.

സക്കറിയുടെ ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപം:

സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട്,

ബഹുമാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ  ഒരു പുരോഹിതൻ തന്നെ ലൗ  ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെൺകുട്ടികളെ ചോർത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി. (ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഡാലോചനയുടെ ഭാഗമായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.) ശ്രീ വെള്ളാപ്പ ള്ളി  നടേശന് കൂടുതൽ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം. 

എന്നാൽ ലൗ ജിഹാദ് വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം  ഞാൻ ഇന്നലെ കണ്ടെത്തി. ഓർമ്മകൾ  പുതുക്കാൻ വേണ്ടി ഇന്നലെ ബഷീറിന്റെ 'പ്രേമലേഖനം" വായിക്കുകയായിരുന്നു. അപ്പൊളിതാ ആ നഗ്നസത്യം പുസ്തകത്തിന്റെ ഒന്നാം താളിൽനിന്നു  എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീർ എന്ന 'വിനീത ചരിത്രകാരൻ' 1943 -ൽ തന്നെ ഈ വാസ്തവം  വെളിപ്പെടുത്തിയിരിക്കുകയാണ്‌.  (നായന്മാർ അദ്ദേഹത്തോട് പൊറുക്കട്ടെ! അ ദ്ദേഹം ഒരു  മുസ്‌ലിം നാമധാരിയാണ് എന്നത് ബിഷപ്പും  പൊറുക്കട്ടെ.)

"പ്രേമലേഖന" ത്തിന്റെ ഒന്നാം പേജിൽ വായിക്കൂ :
" പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കിൽ --- എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്. സാറാമ്മയോ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർഥിച്ചുകൊണ്ട്,
സാറാമ്മയുടെ
കേശവൻ നായർ.'

ചുരുക്കി പറഞ്ഞാൽ നായന്മാർ ക്രിസ്ത്യാനികൾക്കെതിരെ  ലൗ ജിഹാദ് തുടങ്ങിയിട്ട് ഇന്നേക്ക് 78 കൊല്ലമായി. മന്നത്തു പദ്മനാഭൻ എന്ന നല്ല മനുഷ്യൻ കേശവൻ നായരുടെ പ്രണയലേഖനം വായിച്ചു ഒന്ന് പുഞ്ചിരിച്ചിട്ട് ആത്മഗതം ചെയ്തിരിക്കാം : അങ്ങനെ വേണം നായന്മാർ! മടി പിടിച്ചു ഇരുന്നാൽ പോരാ! 
ഒറ്റ പ്രേമലേഖനത്തിന്മേൽ കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. കഷ്ടം!

എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവൻ നായർക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളിൽ ഉമ്മ വച്ചിട്ട് പറയുകയാണ്! "ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു --- പ്രേമലേഖനം."  (രൂപയുടെ കാര്യം നിങ്ങൾ ശ്രദ്ധിച്ചുവല്ലോ. പെണ്ണിനെ  മാത്രമല്ല അവളുടെ അപ്പൻ അധ്വാനിച്ചുണ്ടാക്കിയ പൈസയും നായർ കൊണ്ടുപോയി! ഭയങ്കരം!)
കഴിഞ്ഞില്ല. 

ആ നായർ-പ്രേമലേഖനം അവൾ എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് എന്ന് കൂടി കേട്ടാൽ ബിഷപ്പുമാർ ചെവി പൊത്തിക്കൊണ്ടു ഓടും.

"അവൾ ബോഡീസിന്റെ അകത്തു നിന്ന് അനേക കാലത്തെ വിയർപ്പിൽ കുളിച്ച പുരാതനമായ കടലാസ് എടുത്തു ..."  
ഇതിൽ  കൂടുതൽ പറയാൻ എനിക്ക് ശക്തിയില്ല.

ബഹുമാനപ്പെട്ട ബിഷപ്പുമാരെ!  മുസ്ലിങ്ങളെയും ഈഴവരെയും  പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ. 

വാസ്തവത്തിൽ കേരളം ഇനി നിങ്ങൾ തന്നെ ഭരിച്ചാൽ പോരെ? ഈ മുസ്ലിങ്ങളും ഈഴവരും  നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ.

Love Jihad Zacharia Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: