തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന് സക്കറിയ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സക്കറിയയ്ക്ക് പുരസ്കാരം നല്‍കുന്നത്.
അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സമൂഹം നല്കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്ക്കാരം സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പുരസ്ക്കാരദാന ചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കും.

ഫൊട്ടോ: ഹരിഹരൻ സുബ്രമണ്യൻ
ലോകനിലവാരത്തിലുള്ള കഥകളിലൂടെ വായനക്കാരുടെ മനസിൽ പ്രതിഷ്ഠ നേടിയ കഥാകാരനാണ് സക്കറിയ. സലാം അമേരിക്ക(1988), ഒരിടത്ത്, ആർക്കറിയാം (1988), ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും, ഭാസ്കരപട്ടേലരും എന്റെ ജീവിതവും(1988), എന്തുണ്ടു വിശേഷം പീലാത്തോസേ?(1996), കണ്ണാടികാണ്മോളവും(2000), സക്കറിയയുടെ കഥകൾ(2002), പ്രെയ്സ് ദ ലോർഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് തുടങ്ങിയവയാണ് സക്കറിയയുടെ ശ്രദ്ധേയമായ കൃതികൾ.
കേരള സാഹിത്യ അക്കാഡമി അവാർഡ് (ഒരിടത്ത്)1979, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (സഖറിയയുടെ ചെറുകഥകൾ), 2004, ഒ.വി. വിജയൻ പുരസ്കാരം (അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും) 2012, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം – 2013 എന്നീ അംഗീകാരങ്ങൾക്കും സക്കറിയ അർഹനായിട്ടുണ്ട്.
1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായാണ് സക്കറിയയുടെ ജനനം. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.