തിരുവനന്തപുരം: ഭാഷപണ്ഡിതനായ പന്മന രാമചന്ദ്രന്‍ നായര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുങ്ങളെ തുടര്‍ന്നായിരിന്നു അന്ത്യം. വഴുതയ്ക്കാട് ഗാന്ധി നഗറിലെ വസതിയില്‍ ആയിരുന്നു അന്ത്യം.  നാളെ ഉച്ച തിരിഞ്ഞു മൂന്നര മണിയ്ക് ശാന്തികവാടത്തില്‍ ആണ് സംസ്കാരം.

രാമചന്ദ്രന്‍ നായര്‍. 1931 ആഗസ്ത് 13 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിൽ കണ്ണകത്ത് കുഞ്ചു നായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക മകന്‍. പന്മന ആശ്രമത്തിന് സമീപമുള്ള സംസ്കൃത വിദ്യാലയത്തിൽ പഠിച്ച രാമചന്ദ്രൻ നായർ ശാസ്ത്രിപ്പരീക്ഷ ജയിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂളിൽ പഠിച്ച് ഇ.എസ്.എല്‍.സി. പാസ്സായി. ഇന്റർമീഡിയറ്റ് കോളേജിലെ പഠനത്തെ തുടർന്ന് കൊല്ലം എസ്. എൻ. കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1957ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം. എ. മലയാളം ഒന്നാം റാങ്കോടെ പാസ്സായി. ഡോ. ഗോദവർമ്മ പുരസ്കാരം നേടി. വിദ്യാർത്ഥി കാലത്തു തന്നെ പന്മന മലയാളത്തിലും സംസ്കൃതത്തിലും കവിതാ രചന നടത്തുകയും മാസികകൾ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശൂരനാട്ട് കുഞ്ഞൻ പിള്ള എഡിറ്റർ ആയിരുന്ന കേരള സർവകലാശാലാ ലെക്സിക്കനിൽ രണ്ട് വർഷം ജോലി നോക്കി. 1960ൽ വകുപ്പധ്യക്ഷൻ പ്രൊഫ. എസ്. ഗുപ്തൻ നായരുടെ കീഴിൽ പാലക്കാട് വിക്ടോറിയ കോളേജിൽ മലയാള അധ്യാപകനായി. ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപർ ആയിരുന്നു.

28 വർഷം നീണ്ട അധ്യാപന സപര്യയിൽ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പന്മന പഠിപ്പിച്ചു. 1987ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.

കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരുന്നു 1987ൽ സർവകലാശാലയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരൻ എ. ശ്രീധര മേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി. സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ സമിതിയംഗവും 1991ൽ സ്ഥാപിച്ച പി. കെ. പരമേശ്വരൻ നായർ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമാണ് പന്മന. അദ്ദേഹം എഡിറ്ററും മാർഗ്ഗദർശിയുമായുള്ള ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടിൽ 29 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മികച്ച ജീവചരിത്ര രചയിതാക്കള്‍ക്ക്‌ പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ക്ലാസിക്കൽ കലകളെ, പ്രത്യേകിച്ച് കഥകളിയെ, പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1972ൽ തുടങ്ങിയ ദൃശ്യവേദിയിൽ അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു.

പന്മന 20 പുസ്തകങ്ങൾ രചിച്ചു. ഇവയിൽ ഭാഷാ സംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉൾപ്പെടും.  ‘സ്മൃതിരേഖകള്‍’ ആത്മകഥയാണ്. ‘തെറ്റും ശരിയും’ പന്മനയുടെ ഏറ്റവും പ്രശസ്തമായ ഭാഷാ പുസ്തകങ്ങളില്‍ ഒന്നാണ്. ഇതിനു പുറമേ ഭാഷയെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിന് നല്‍കി. മലയാളം സർവകലാശാലയ്ക്കു വേണ്ടിയുള്ള രൂപരേഖ സമർപ്പിക്കുന്നതിലും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുൻകൈയെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.