തിരുവനന്തപുരം: തന്നെ സാംസ്കാരിക നായകന് എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കവി ബാലചന്ദ്രന് ചുള്ളിക്കാട്. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യ വര്‍ഷങ്ങളും ഇത്രയും കാലം താന്‍ നിശബ്ദം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിളി സഹിക്കാനാകില്ലെന്നും സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറയുന്നു.
സന്ദേശത്തിന്റെ പൂർണരൂപം:
‘ഈയിടെ ചില മാധ്യമങ്ങള്‍ എന്നെ ‘സാംസ്കാരിക നായകന്’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാന്‍ നിശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്കാരിക നായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്കുന്ന മലയാളികളുടെ സാംസ്കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരന് എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയുമല്ല. ഒരു പ്രസംഗകനോ പ്രഭാഷകനോ ആയി അറിയപ്പെടാന്‍ ഞാന്‍ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിര്‍ബ്ബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാന്‍ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കല്‍ക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും എനിക്കില്ല. അതിനാല്‍ എന്നെ ‘സാംസ്കാരിക നായകന്’ എന്നുവിളിക്കരുതേ എന്നു എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു.’
Read More: ജന്മദിന ആഘോഷങ്ങളിൽ നിന്നകന്ന് ബുദ്ധവിഹാരത്തിൽ ബാലചന്ദ്രൻ ചുളളിക്കാട്: ചിത്രങ്ങൾകാണാം
1970 കളിൽ ഇളകി മറിഞ്ഞ കേരളത്തിലെ സാംസ്കാരിക അന്തരീക്ഷത്തിൽ ബാലചന്ദ്രന്റെ കവിതകൾ സൃഷ്ടിച്ച ഇടിമുഴക്കം ഇന്നും നിലയ്ക്കാതെ തുടരുകയാണ്. കവിയെന്ന നിലയിൽ വളരെ ചെറുപ്പത്തിൽ തന്നെ കവികുലപതികളുടെ നിരയ്ക്കൊപ്പം ഉയർന്ന ബാലചന്ദ്രൻ ‘അരവിന്ദന്റെ പോക്കുവെയിൽ’ എന്ന പ്രശസ്ത ചലച്ചിത്രത്തിൽ നായകനായി. വീക്ഷണം പത്രത്തിൽ മാധ്യമ പ്രവർത്തകനായിരുന്നു. അവിടെ നിന്നും സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ചു. വീണ്ടും സിനിമ, സീരിയൽ മേഖലയിൽ അഭിനയ രംഗത്തേയ്ക്ക് അദ്ദേഹം കടന്നു. ഇതിനിടയിൽ ബുദ്ധമതം സ്വീകരിച്ചു.
ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ ഭാഷകൾക്കു പുറമെ, ഹിന്ദി, ബംഗാളി, മറാത്തി, അസാമീസ്, പഞ്ചാബി, കന്നട, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ച് 1997ൽ സ്വീഡനിലെ ഗോട്ടൻബർഗ് രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്തു.