/indian-express-malayalam/media/media_files/uploads/2018/06/DCC.jpg)
കൊച്ചി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിൽ കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നു. ഇന്ന് രാവിലെ എറണാകുളം ഡിസിസിക്ക് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രം പതിച്ച ശവപ്പെട്ടിയും റീത്തും സ്ഥാപിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രം പതിച്ചുളള ശവപ്പെട്ടിയാണ് സ്ഥാപിച്ചത്. ഇതോടൊപ്പം റീത്തുകളും പ്രതിഷേധ പോസ്റ്ററുകളും പതിച്ചിരുന്നു. പോസ്റ്ററുകൾ ഡിസിസി ഓഫീസിന്റെ പ്രധാന വാതിലിൽ പശ ഉപയോഗിച്ച് ഒട്ടിച്ച് വച്ച നിലയിലായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. "കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില കൽപ്പിച്ചത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ?" എന്നാണ് ഒരു പോസ്റ്ററിലെ ചോദ്യം.
"ഞങ്ങൾ പ്രവർത്തകരുടെ മനസിൽ നിങ്ങൾ മരിച്ചു," എന്ന് മറ്റൊരു പോസ്റ്ററിൽ എഴുതി. "കോൺഗ്രസ് പാർട്ടിയിലെ യൂദാസുകൾ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല," എന്നാണ് അടുത്ത പോസ്റ്ററിൽ എഴുതിയത്. ശവപ്പെട്ടി ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തിന് താഴെയാണ് സ്ഥാപിച്ചത്.
ശവപ്പെട്ടിക്കും റീത്തിനും മുകളിൽ കരിങ്കൊടി കെട്ടിവച്ചിരുന്നു. മുന്നണിയിലില്ലാതിരുന്ന കെഎം മാണിയുടെ കേരള കോൺഗ്രസ് പാർട്ടിയെ മുന്നണിയിലെത്തിക്കാൻ രാജ്യസഭ സീറ്റ് വിട്ടുകൊടുത്തതാണ് പാർട്ടിക്കകത്ത് കലാപത്തിന് കാരണമായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.