എറണാകുളം: ഹൈക്കോടതി ജാമ്യം നൽകിയില്ലെങ്കിൽ ദിലീപിന് വേണ്ടി താൻ സുപ്രീംകോടതിയെ സമീപിച്ചേനെയെന്ന് പി.സി.ജോർജ് എംഎൽഎ. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി അദ്ദേഹത്തെ ജനങ്ങളുടെ മുന്നിൽ ഇറക്കിവിടണമെന്ന് വാശിയുണ്ടായിരുന്നുവെന്നും പറഞ്ഞ പി.സി.ജോർജ്. നീതിനിഷേധം അനുഭവപ്പെട്ടതിനാലാണ് മറ്റേത് കേസും പോലെ ഇതിലും ഇടപെട്ടത് എന്നും കൂട്ടിച്ചേര്‍ത്തു.
ജാമ്യാപേക്ഷയിൽ വിധി പറയാൻ ഹൈക്കോടതി പലതവണ മാറ്റിവച്ചപ്പോഴാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങിയതെന്നും ഇതിനായി സുപ്രീംകോടതി അഭിഭാഷകനുമായി ചർച്ച നടത്തിയെന്നും പറഞ്ഞ പി.സി.ജോർജ്. കോടതിയാണ് ദിലീപിനു പങ്കുണ്ടെന്ന് വരുത്തിയത് എന്നും പറഞ്ഞു. അഡ്വക്കേറ്റ് ഉദയഭാനെതിരെ ആരോപണം വന്നു അയാളെ ജയിലിലിടുന്നുണ്ടോ ? എണ്‍പത്തിയഞ്ചു ദിവസമല്ലേ ദിലീപിനെ ജയിലിലിട്ടത്. കഷ്ടം തോന്നുന്നുണ്ട് ആ പാവപ്പെട്ടവനെ ഓര്‍ത്ത്” പിസി ജോര്‍ജ് ഇന്ത്യന്‍ എക‌്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
പൊലീസ് ചാര്‍ത്തുന്ന ചാര്‍ജിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്കും നടപടിയെടുക്കാന്‍ സാധിക്കൂ എന്നു പറഞ്ഞ പിസി ജോര്‍ജ്. ‘വൃത്തികെട്ടവന്മാരുടെ കൂട്ടമാണ് കേരളാപോലീസ്’ എന്നും ‘എന്തും ചെയ്യാന്‍ മടിക്കാത്തവന്മാരാണ് കേരളാ പോലീസിലുള്ളവര്‍’ എന്നും വിമര്‍ശിച്ചു. ” കള്ളക്കേസുകള്‍ ഉണ്ടാക്കുന്ന ഒരു റാക്കറ്റ് തന്നെയുണ്ട് കേരളാ പൊലീസില്‍. പള്‍സര്‍ സുനിയടക്കമുള്ള ഈ കൊള്ളക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ദിലീപിനെ പ്രതിചേര്‍ക്കുന്നത്,” എന്നും പറഞ്ഞു.
“ദിലീപുമായി തനിക്ക് മുൻപരിചയമില്ല എന്നാൽ ശരിക്ക് വേണ്ടി എതറ്റംവരെ പോകാനും താൻ തയാറാണെ”ന്ന് പി.സി. ജോർജ് പറഞ്ഞു. “ജാമ്യത്തിൽ ഇറങ്ങിയ അന്ന് ദിലീപ് തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പിന്നീട് തന്‍റെ മകനുമായി ദിലീപ് ഫോണില്‍ സംസാരിച്ചിരുന്നു”വെന്നും ജോര്‍ജ് പറഞ്ഞു. എന്തുകൊണ്ട് ദിലീപുമായി കൂടികാഴ്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തില്ല എന്നാരാഞ്ഞപ്പോള്‍ ‘അതിന്‍റെ ആവശ്യമില്ല. എന്നെ കണ്ടിട്ടിപ്പോള്‍ ദിലീപിനു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാലും ആ ചെറുപ്പക്കാരനെയോര്‍ത്ത് എനിക്ക് സങ്കടമുണ്ട് ‘ എന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞു.
“കേരളാപൊലീസിനെ സംബന്ധിച്ച് ഇത്തരം കള്ളക്കേസുകൾ പതിവാണ്” പിസി ജോര്‍ജ് പറഞ്ഞു. ” എന്തിനധികം പറയുന്നു ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഒരു കാര്യവുമില്ലാതെ ജയിലിലിട്ടവന്മാരല്ലേ ഇവര്‍. കരുണാകരന്‍റെ മന്ത്രിസ്ഥാനം വരെ തെറിപ്പിച്ചത് കേരളാ പൊലീസ് ആണ്. അവരുടെയൊക്കെ മുന്നില്‍ ദിലീപൊക്കെ ആരാ ?” പിസി ജോര്‍ജ് പറഞ്ഞു.
ദിലീപിനുനേരെ നടന്നത് ‘കടുത്ത നീതിനിഷേധമാണ്’ എന്ന് പറഞ്ഞ പിസി ജോര്‍ജ്. നീതി നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്രെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന പിസി ജോര്‍ജ് എന്തുകൊണ്ട് ദിലീപിനു വേണ്ടി മാത്രം സംസാരിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നല്ലോ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനു ” അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ ഗൗനിക്കാറില്ല.” ജോർജ് പറഞ്ഞു.