തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഭക്തജനങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകളില്‍ കൂടി പ്രസാദങ്ങള്‍ വില്‍പ്പന നടത്തുന്നതിന് 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചും 2011 ലെ ഭക്ഷ്യസുരക്ഷാ (ലൈസന്‍സിങ് ആൻഡ് റജിസ്‌ട്രേഷന്‍) റെഗുലേഷന്‍ അനുസരിച്ചുമുള്ള ലൈസന്‍സോ റജിസ്‌ട്രേഷനോ നിര്‍ബന്ധമായി നേടിയിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ ഭക്തജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്ന പ്രസാദമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം കാത്തു സൂക്ഷിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു. പ്രസാദ നിര്‍മ്മാണത്തിനായി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വാങ്ങാവൂ എന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലും സ്റ്റോര്‍ റൂമുകളിലും നിയമാനുസൃതമായുള്ള സുരക്ഷകള്‍ പാലിക്കേണ്ടതും വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയങ്ങളിലെ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യുന്നതിനും ഭക്തര്‍ക്ക് കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. നിശ്ചിത ഇടവേളകളില്‍ ജലത്തിന്റെ പരിശോധന നടത്തി പാനയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.

ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും മേല്‍പ്പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതും ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുമാണ്.

ശബരിമല ക്ഷേത്രത്തിലെ പ്രസാദ വിതരണത്തില്‍ ദേവസ്വം അധികൃതര്‍ പാലിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തുന്ന അന്നദാനം, ലഘുഭക്ഷണം, കുടിവെള്ള വിതരണം എന്നിവയില്‍ അനുവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, റജിസ്‌ട്രേഷന്‍ നടപടികളും സംസ്ഥാനത്തെ മറ്റ് ആരാധനാലയങ്ങള്‍ക്കും അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും കമ്മീഷണര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.