തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തി കൊണ്ടുവന്ന രാഷ്ട്രീയ വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടവര്‍ തുറന്നപ്പോള്‍ പ്ലേറ്റ് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണ് കേരളത്തിലും ആരാധനാലയങ്ങള്‍ മത മേധാവികളുമായി സംസാരിച്ചശേഷം തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍

എന്തുപറയാനാ ഞാന്‍. എന്നാ എങ്ങനെ പറയാതിരിക്കും. ഇതാണ് എന്റെയൊരു അവസ്ഥ. ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവന കേള്‍ക്കുമ്പോള്‍ അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനകള്‍ കൂടെ ഓര്‍ക്കണം.

എന്തുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്നായിരുന്നു മുമ്പ് മുരളീധരന്‍ ചോദിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ മദ്യഷോപ്പ് തുറക്കാം അവിടെ കൊറോണ വരില്ല. ആരാധനാലയത്തില്‍ കൊറോണ വരുമോ എന്നും അദ്ദേഹം ചോദിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എന്ത് മാനദണ്ഡം സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മെയ് 30-ന് ഒരുത്തരവ് പുറപ്പെടുവിച്ചു. അതില്‍ ജൂണ്‍ എട്ടാം തിയതി മുതല്‍ നടത്താവുന്ന പ്രവര്‍ത്തികളേയും തുറക്കാവുന്ന സ്ഥലങ്ങളേയും കുറിച്ച് പറയുന്നതില്‍ ഒന്നാമതായി തന്നെ ആരാധനാലയങ്ങളുടെ കാര്യം പറയുന്നുവന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ശബരിമല ഉത്സവം ഉപേക്ഷിച്ചു, മാസ പൂജയ്ക്ക്‌ ഭക്തരെ പ്രവേശിപ്പിക്കില്ല

അതിനുശേഷം ജൂണ്‍ നാലാം തിയതി ആരോഗ്യ ക്ഷേമ മന്ത്രാലയം വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നാല്‍പതോളം നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും ആരാധനാലയങ്ങള്‍ തുറന്നത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇവിടത്തെ സാഹചര്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരെല്ലാം അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പറഞ്ഞവര്‍ തന്നെ നേരെ പ്ലേറ്റ് തിരിച്ചുവയ്ക്കുമായിരുന്നു. ഭക്തരുടെ വികാരം ഉള്‍ക്കൊള്ളാത്ത സര്‍ക്കാരാണ് ഇവിടെയുള്ളതെന്നല്ലേ പറയുക.

തുടക്കം മുതല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശ്വാസി സമൂഹവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. എല്ലാ മത വിഭാഗങ്ങളുടേയും പ്രധാനികളുമായി ചര്‍ച്ച നടത്തി. മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ അതിന് എതിര് നിന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചവര്‍ ഏറ്റവും നല്ല തീരുമാനമാണെടുത്തതെന്നും അതില്‍ യാതൊരു അപ്രിയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്ത് സ്വീകരിക്കാവുന്ന ഏറ്റവും നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുത്തവരെ അനുമോദിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്തര്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചത് ആരാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം

ക്ഷേത്രം തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്നും അവരിപ്പോള്‍ പ്ലേറ്റ് മാറ്റിയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ ശബരിമലയില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതായി ബന്ധപ്പെട്ട വിഷയത്തിലെ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞിരുന്നു.

ആരാണ് ഭക്തര്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ക്ക് അറിയാമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.

Read Also: മഹാമാരിയെ വഴിത്തിരിവാക്കണം; പ്രതിസന്ധികളെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി

ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറന്ന് കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചിരുന്നുവന്ന് മന്ത്രി പറഞ്ഞു. വിദേശ മദ്യ ഷാപ്പുകള്‍ തുറന്ന് കൊടുത്തില്ലേ പിന്നെന്തു കൊണ്ട് ആരാധനാലയം തുറക്കുന്നില്ലെന്ന് സര്‍ക്കാരിനെ പരിഹസിച്ചു.

കോവിഡ് ചട്ടങ്ങള്‍ക്ക് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറന്ന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മത മേധാവികളുമായും ദേവസ്വം അധികാരികളുമായും തന്ത്രി സമാജം, തന്ത്രി മണ്ഡലം, എന്‍ എസ് എസ്, എസ് എന്‍ ഡി പി, കെ പി എം എസ് സംഘടനകളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചിരുന്നു. കര്‍ശന നിലപാട് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടും അവര്‍ യോജിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങള്‍ തുറന്ന് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.