‘ജോലിത്തിരക്കുകളൊക്കെ മാറ്റിവച്ച് രണ്ടു മൂന്നു ദിവസം ഒന്നു റിലാക്‌സ് ചെയ്യണം. കാസര്‍ഗോട്ടേക്ക് പോയാലോ എന്നാലോചിക്കുന്നു. എന്തൊക്കെയുണ്ടവിടെ കാണാന്‍?’

‘കാസര്‍ഗോഡ് ബേക്കല്‍ ഫോര്‍ട്ടല്ലാതെ എന്താ ഉള്ളത്? കാര്യമായി ഒന്നും ഇല്ലല്ലോ…’

ഇനിയാരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ ധൈര്യമായി പറഞ്ഞേക്കണം കാസര്‍ഗോഡ് നിങ്ങള്‍ കരുതുന്നതു പോലെയൊന്നുമല്ല, അവിടെ കാണാന്‍ ഒരുപാടുണ്ട്. നമുക്ക് അറിയില്ലെന്നേ ഉള്ളൂ. ഓര്‍ഗാനിക് ഫാമിങ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആലോചനകളാണ് ദില്‍രാജിനേയും മറ്റുള്ളവരേയും ടൂറിസം എന്ന ആശയത്തിലേയ്ക്കെത്തിച്ചത്. പാലാവയല്‍ ട്രെക്കിങ് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ തുടക്കം ഇങ്ങനെയാണ്.

കാസര്‍ഗോഡും കണ്ണൂരും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും ലഭ്യമായ സ്രോതസുകള്‍ ഉപയോഗിച്ച് നാട്ടിലുള്ളവര്‍ക്ക് കൂടി തൊഴില്‍ പ്രദാനം ചെയ്യുക, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാലാവയല്‍ ടൂറിസം പ്രവര്‍ത്തിക്കുന്നത്.

Read More: എൽദോയുടെ ‘സ്വർഗ’ത്തിൽ ഭൂമിയിലെ കനി

‘ആരും അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത, ഒട്ടും മലിനമല്ലാത്ത സ്ഥലങ്ങളാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു നടത്താന്‍ കൂടെയുള്ളവരും ഇത്തരം താത്പര്യം ഉള്ളവരാണ്. പ്രകൃതിയെ ഉപദ്രവിക്കാതെ പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ താത്പര്യമുള്ളവര്‍. അതിന്റെ തുടക്കമായാണ് കാസര്‍ഗോഡ് പാലാവയലില്‍ ഞങ്ങള്‍ എത്തുന്നത്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ളവരാണ് ഇക്കൂട്ടത്തില്‍ മിക്കവരും. വലിയ രീതിയില്‍ ഉള്ള ഇന്‍വെസ്റ്റ്‌മെന്റൊന്നും നമുക്കില്ല. ഈ ഭാഗത്തുള്ള വീടുകളും ഇവിടെ ലഭിക്കുന്ന ഭക്ഷണവും ഒക്കെ തന്നെയാണ് ഞങ്ങള്‍ നല്‍കുന്നത്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും നല്‍കുന്ന തരത്തിലാണ് നടത്തിപ്പ്. അതുവഴി ഈ പ്രദേശത്തുള്ളവര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കും. ഓഫ് റോഡുകളിലൊക്കെ യാത്രികരുമായി പോകുന്നത് ഇവിടുത്തെ ജീപ്പുകളും ഡ്രൈവര്‍മാരും തന്നെയാണ്,’ ദില്‍രാജ് പറയുന്നു.

പാലാവയല്‍ ടൂറിസത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗം സോഷ്യല്‍ മീഡിയ തന്നെയായിരുന്നു. ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തും ഷെയര്‍ ചെയ്തുമാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരില്‍ എത്തിച്ചത്.

‘എങ്കിലും ആളുകള്‍ വരും എന്നുള്ള പ്രതീക്ഷയൊന്നും തുടക്കത്തില്‍ ഇല്ലായിരുന്നു. ഇത്രയും ഉള്‍പ്രദേശമല്ലേ. എങ്കിലും പതിയെ ആളുകള്‍ വന്നു തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി അവര്‍ക്കും നല്‍കി. ഇവിടെ മുളകൊണ്ടുള്ള ചങ്ങാടത്തിലെ യാത്രകളും, കായല്‍ യാത്രകളും, പിന്നെ ഇവിടെയുള്ളവര്‍ ശേഖരിച്ച ശുദ്ധമായ തേനുമെല്ലാം നല്‍കി. ഇതെല്ലാം ആളുകളെ ആകര്‍ഷിച്ചു ഞങ്ങള്‍ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു തുടങ്ങി. സ്വാഭാവികമായും ഞങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു,’ദില്‍രാജ് പറയുന്നു.

‘ഹോംസ്‌റ്റേ രജിസ്‌ട്രേഷന്‍ അടുത്തിടെയാണ് ഞങ്ങള്‍ എടുത്തത്. കുറച്ചധികം പേര്‍ വന്നാലും അവരെ താമസിപ്പിക്കാനുള്ള സൗകര്യമായി. ഈ പരിസരത്തുള്ളവര്‍ അവരുടെ വീട്ടിലുണ്ടാകുന്ന ഭക്ഷണം തന്നെയാണ് നല്‍കുന്നത്. ആളുകള്‍ ഒട്ടും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത മേഖലയാണിത്. കൂര്‍ഗിനെക്കാള്‍ മനോഹരമാണ് സത്യത്തില്‍ ഇവിടം. പുഴകളും കാടുകളും പ്രകൃതിഭംഗിയുമെല്ലാമുണ്ട്. മഴക്കാലമാണ് ഇവിടെ ഏറ്റവും സൗന്ദര്യം. പിന്നെ എല്ലാ സീസണിലും അതിന്റേതായൊരു ഭംഗിയുണ്ട്,’ വിദേശികളെക്കാള്‍ കേരളത്തില്‍ നിന്നുള്ളവര്‍ തന്നെയാണ് പാലാവയലില്‍ എത്തുന്നതെന്ന് ദില്‍രാജ് പറയുന്നു.

കൂടുതല്‍ ഫണ്ടിനായി ബാങ്കുകളെ സമീപിച്ചപ്പോള്‍ ആഡംബര സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളും റിസോര്‍ട്ടുകളുമൊക്കെയുണ്ടെങ്കിലേ പണം നല്‍കാന്‍ താൽപ്പര്യമുള്ളൂവെന്നാ യിരുന്നു അവിടെനിന്നെല്ലാം ലഭിച്ച മറുപടിയെന്ന് ദില്‍രാജ് പറയുന്നു.

‘പക്ഷെ അങ്ങനെ ചെയ്താല്‍ നമ്മള്‍ ഇതുവരെ ചെയ്തതിന് വിപരീത ഫലമായിരിക്കും ലഭിക്കുക. അതുകൊണ്ട് ഞങ്ങളത് വേണ്ടെന്നു വച്ചു. ചുറ്റുപാടുമുള്ളത് വച്ചുതന്നെയാണ് എല്ലാം ചെയ്യുന്നത്. ഇവിടെ തബോര്‍ എന്നൊരു മലയുണ്ട്. അതിന്റെ മുകളില്‍ നിന്നും സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ വളരെ മനോഹരമാണ്. ഇതൊക്കെ ആളുകള്‍ക്കും വളരെ താൽപ്പ ര്യമുള്ള കാര്യങ്ങളാണ്. ഈ മലയുടെ മുകളില്‍ ചെറിയ ടെന്റുകളാണ് ഞങ്ങള്‍ നല്‍കുന്നത്. പക്ഷെ ഒരു കൊച്ചു കെട്ടിടം അവിടെ പണിയണം എന്നുണ്ട്. മറ്റൊന്ന് കേരള -കര്‍ണാടക അതിര്‍ത്തിയിലുള്ള കർണാടകത്തിലെ  മുന്താരി എന്ന ഗ്രാമമാണ്.  കര്‍ഷകരുടെ സഹായത്തോടെ മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിക്കൂ,’ ഒരു ദിവസത്തേക്ക് 2500 രൂപയാണ് ഇവര്‍ ഈടാക്കുന്ന നിരക്ക്. പക്ഷെ നിങ്ങള്‍ നല്‍കുന്ന പണം ഒരിക്കലും വെറുതെയാകില്ലെന്ന ഉറപ്പും ദില്‍രാജ് നല്‍കുന്നു.

ഇതിനു പുറമെ, കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിലെ പ്രധാന ആകർഷണമായ തെയ്യം എന്ന കലാരൂപവും ഇവിടെയെത്തുന്നവർക്കായി ഇവർ ഒരുക്കുന്നുണ്ട്. ഒരു നാടിനെ ഏതെല്ലാം രീതിയിൽ അറിയേണ്ടതുണ്ടോ അതെല്ലാം അറിഞ്ഞേ ഇവിടെ വന്നവർ തിരിച്ചു പോകൂ. നാടൻ രുചികൾ, നാട്ടുഭംഗികൾ, കലാരൂപങ്ങൾ തുടങ്ങി പാലാവയലിൽ സഞ്ചാരികളെ കാത്തിരിക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ്.

കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തങ്ങളുടെ ടൂറിസം പരിപാടികൾ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം. മൂന്നാറാണ് അടുത്ത ലക്ഷ്യമെന്നും ശ്രമിച്ചാൽ കേരളത്തിൽ എല്ലായിടത്തും ഇത് സാധിക്കുമെന്നും ദിൽരാജ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.