scorecardresearch

അബുവിന്റെ ലോകം - അബു അബ്രഹാമിന്റെ കാർട്ടൂൺ പ്രദർശനം ഇന്ന് മുതൽ

ഇന്ത്യയുടെയും ലോകത്തിന്റെയും ഒരു കാലഘട്ടം വരച്ചിടുന്ന ഈ പ്രദർശനം ഏപ്രിൽ 21 വരെയുണ്ടാകും

ഇന്ത്യയുടെയും ലോകത്തിന്റെയും ഒരു കാലഘട്ടം വരച്ചിടുന്ന ഈ പ്രദർശനം ഏപ്രിൽ 21 വരെയുണ്ടാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cartoonist Abu | Abu Abraham

കൊച്ചി: ക്യൂബയിൽ ചെന്ന് ചെഗുവേരയുടേയും ഫിദൽ കാസ്ട്രോയുടേയും കാരിക്കേച്ചറുകൾ വരച്ച് അവരെ വിസ്മയിപ്പിച്ച ലോകപ്രശസ്തനായ കാർട്ടൂണിസ്റ്റാണ് അബു എബ്രഹാം. അബു എബ്രഹാമിന്റെ കാർട്ടൂണുകളുടെ ഒരുമാസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ ഇന്ന് (മാർച്ച് 21 ന്) തുടങ്ങും.

Advertisment

കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ മാർച്ച് 21 മുതൽ എപ്രിൽ 21 വരെ എറണാകുളം ദർബാർ ഹാള്‍ ഗാലാറിയില്‍ വച്ച് നടക്കുന്ന ചിത്ര പ്രദർശനം പുതിയ തലമുറയ്ക്ക് അബുവിന്റെ കാർട്ടൂണുകളെ പരിചയപ്പെടാൻ കിട്ടുന്ന അവസരമാണ്. കേരള സംസ്കാരിക വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് അബുവിന്റെ ലോകം (Abu's World) സംഘടിപ്പിച്ചിരിക്കുന്നത്.

ആറ്റുപുറത്ത് മാത്യു എബ്രഹാം എന്ന അബു എബ്രഹാം ഇന്ത്യൻ കാർട്ടൂണിന് ദേശീയഭാഷ ചമച്ച പ്രതിഭയാണ്. ആക്ഷേപഹാസ്യപരമായ നിരവധി കാർട്ടൂണുകൾ വരച്ചിട്ടുള്ള വ്യക്തിത്വം എന്നതിലുപരിയായി ജേണലിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

Cartoonist Abu | Abu Abraham

1924 ജൂൺ 11ന് മാവേലിക്കരയിൽഎം.എം. മാത്യുവിന്റേയും കാന്തമ്മയുടേയും മകനായി ജനിച്ച അബു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം ബോംബെയിലേക്ക് പോയി. ബോംബെ ക്രോണിക്കിളില്‍ പത്രപ്രവര്‍ത്തകനായി ജോലിയിൽ പ്രവേശിച്ച അബു എബ്രഹാം അവിടെവച്ചാണ് തന്നിലെ കാർട്ടൂണിസ്റ്റിനെ തിരിച്ചറിയുന്നത്. അബുവിന്റെ വരകള്‍ ശ്രദ്ധയില്‍ പെട്ട കാര്‍ട്ടൂണ്‍ കുലപതിയായ ശങ്കറാണ് തന്റെ 'ശങ്കേഴ്സ് വീക്ക്‌ലി'യിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത്.

1953ൽ ലണ്ടനിലെത്തിയ അബു പഞ്ചിലും ഡെയ്ലി സ്കെച്ചിലും കാർട്ടൂൺ വരച്ചായിരുന്നു തുടക്കം. അവിടെ അബ്രഹാം എന്ന പേരിലായിരുന്നു കാർട്ടൂണുകൾ വരച്ചത്. 1956ൽ ട്രിബ്യൂണിലെ കാർട്ടൂണുകൾ കണ്ട ദി ഒബ്സെർവറിലേക്കും വിളി വന്നു. ദി ഒബ്സർവറിന്റെ ആദ്യത്തെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായിരുന്നു അദ്ദേഹം. ഇവിടെ വച്ചാണ് കാർട്ടൂണുകളിൽ 'അബു' എന്ന് പേര് വെക്കാൻ തുടങ്ങിയത്.

ഭാര്യ സരോജിനിക്കും മക്കളായ അയിഷയ്ക്കും ജാനകിക്കുമൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1969 മുതൽ 1981 വരെ ദി ഇന്ത്യൻ എക്സ്‌പ്രസിലെ കാർട്ടൂണിസ്റ്റായിരുന്നു. 1972 മുതൽ 1978 വരെ രാജ്യസഭാംഗമായിരുന്നു.

അബു അബ്രഹാം അന്തരിച്ചിട്ട് ഈ വരുന്ന ഏപ്രിൽ 30ന് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. ഒരു കാലഘട്ടത്തിൽ ദേശീയതലത്തിലെയും അന്താരാഷ്ട്ര തലത്തിലെയും നിരവധി സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളെ ലളിതമായി തന്റെ ആക്ഷേപഹാസ്യ കാർട്ടൂണുകളിലൂടെ തുറന്നുകാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Cartoonist Abu | Abu Abraham

ഇന്ത്യയിൽ തന്നെ ഇത്രയധികം സംരക്ഷിക്കപ്പെട്ട മറ്റു കാർട്ടൂണുകൾ വേറെയില്ല. 1940 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ അബു ചെയ്ത വർക്കുകളാണ് പ്രദർശനത്തിനെത്തുന്നത്. അദ്ദേഹത്തിന്റെ മക്കളായ അയിഷയും ജാനകിയും ചേർന്ന് സൂക്ഷിച്ചുവച്ച വരകളും രചനകളുമാണ് ദർബാർ ഹാളിൽ പ്രദർശിപ്പിക്കുന്നത്. ആറ് പതിറ്റാണ്ടുകൾ നീണ്ട അബുവിന്റെ കരിയറിൽ അദ്ദേഹം വരച്ച പൊളിറ്റിക്കൽ കാർട്ടൂണുകൾ, വരകൾ, കാരിക്കേച്ചറുകൾ, സാഹിത്യ രചനകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'ഗെയിംസ് ഓഫ് ദി എമർജൻസി,' 'അബു ഓൺ ബംഗ്ലാദേശ്,' 'പ്രൈവറ്റ് വ്യൂ,' 'അറൈവൽസ് ആൻഡ് ഡിപ്പാർച്ചേഴ്സ്,' 'പെൻഗ്വിൻ ബുക്ക് ഓഫ് ഇന്ത്യൻ കാർട്ടൂൺസ്' എന്നിവയാണ് അബുവിന്റ ഏറെ പ്രശസ്തമായ പുസ്തകങ്ങൾ. 'നോ ആർക്ക്സ്' എന്ന കാർട്ടൂൺ ചിത്രത്തിന് ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.

Read More

Caricature Journalists Cartoon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: