കണ്ണൂര്‍: ലോകകപ്പ് ആവേശം അതിരുവിട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്ബോള്‍ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. കൊച്ചി കലൂരില്‍ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു.
കണ്ണൂര്‍ പള്ളിയാന്മൂലയില് പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു.
പരിക്കേറ്റ മൂന്നുപേരും രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെ അര്‍ജന്റീനയുടെ വിജയത്തെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
തിരുവനന്തപുരം പൊഴിയൂരില്‍ എസ്ഐ സജികുമാറിനാണ് മര്‍ദനമേറ്റത്. കൊച്ചിയില്‍ ആരാധകര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചത് തടഞ്ഞ പൊലീസ് കാരനാണ് മര്‍ദനമേറ്റത്. അക്രമികള്‍ പോലീസുകാരനെ കാലില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരു പോലീസുകാരനും മര്‍ദനമേറ്റു.കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാത്രി നടുറോഡില്‍ പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മദ്യലഹരിയിലാണോയെന്നും സംശയമുണ്ട്.