scorecardresearch
Latest News

പ്രളയം: സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതികളില്‍ ലോകബാങ്ക് സഹകരിക്കും

സംസ്ഥാനത്തിന്‍റെ നിര്‍ദ്ദേശം പരിഗണിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേയ്ക്ക് അയക്കും

kerala floods, central assistance,പ്രളയം, കേന്ദ്ര സഹായം, മഹാപ്രളയം,central fund for flood, central government, iemalayalam
പ്രളയകാലത്തെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലോകബാങ്ക് വാഗ്‌ദാനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ പുനര്‍നിര്‍മാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.

ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് ആദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ത്വരിതവും ഫലപ്രദവുമായ ഇടപെടല്‍ ലക്ഷ്യമിട്ടാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. ലോകബാങ്കിന്‍റെ പുതിയ രീതി അനുസരിച്ച് സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ക്കും നിലവില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഫലം വിലയിരുത്തി അതിലേയ്ക്കും വായ്പ നല്‍കാനാവും.

സംസ്ഥാനത്തിന്‍റെ നിര്‍ദ്ദേശം പരിഗണിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേയ്ക്ക് അയക്കും. ഗതാഗതം, ഗ്രാമ-നഗര വികസനം, ജലവിഭവം, ജീവനോപാധി തുടങ്ങി വിവിധ മേഖലകളിലെ നഷ്ടവും ബാധിക്കപ്പെട്ട ജനങ്ങളുടെ എണ്ണവും ലോകബാങ്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിദഗ്ധാഭിപ്രായവും മാതൃകകളും സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍ ലോകബാങ്ക് പ്രതിനിധികള്‍ അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, സാമൂഹ്യനീതി, പൊതുമരാമത്ത് തുടങ്ങിയ മേഖലകളെക്കുറി ച്ച് ചര്‍ച്ച ചെയ്തു. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് വിദേശമലയാളി കളുടെ സഹായം സ്വരൂപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനർ നിര്‍മിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. പ്രളയമുണ്ടായ വേളയില്‍ എല്ലാ ദിവസവും മുഖ്യമന്ത്രി സ്വന്തം ജനതയോട് നേരിട്ട് പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിനപ്പുറം ലോകരാജ്യങ്ങളിലും എത്തി. ഇതുമൂലം പുനര്‍നിര്‍മാണ സംരംഭങ്ങള്‍ക്ക് ലോകരാജ്യങ്ങ ളുടെയാകെ പിന്തുണയുണ്ടായി. ഇത് തുടരണം – ജുനൈദ് പറഞ്ഞു.

കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോകബാങ്ക് സംഘം അവതരിപ്പിച്ചു. റിപ്പോർട്ട് അവതരിപ്പിച്ച് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, ഡോ. ടി.എം.തോമസ് ഐസക്ക്, കെ.കെ.ശൈലജ, ജി.സുധാകരന്‍, മാത്യു ടി.തോമസ്, പ്രൊഫ. സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വാസ് മേത്ത, പി.എച്ച്.കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഓര്‍ഡിനേഷന്‍ വി.എസ്.സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.

കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദിനു പുറമെ ഇന്ത്യാ കണ്‍ട്രി മാനേജര്‍ ഹിഷാം, ലീഡ് അര്‍ബന്‍ സ്പെഷ്യലിസ്റ്റ് ബാലകൃഷ്ണ മേനോന്‍, ലീഡ് ഇക്കണോമിസ്റ്റ് ദിലീപ് രാത്ത, ലീഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സ്പെഷ്യലിസ്റ്റ് ദീപക് സിങ്, സുധീപ് എന്നിവരാണ് ലോകബാങ്ക് സംഘത്തിലുണ്ടായിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: World bank will help floods work in kerala