ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ലോക ബാങ്ക് സഹായം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 1750 കോടി രൂപയുടെ വായ്പയാണ് ലോക ബാങ്കില്‍ നിന്ന് ലഭിക്കുക. ഇതു സംബന്ധിച്ച കരാര്‍ ഡല്‍ഹിയില്‍ ഒപ്പുവച്ചു. മുപ്പത് വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
1200 കോടിക്ക് 1.5 ശതമാനം പലിശയും 550 കോടിക്ക് അഞ്ച് ശതമാനവും ആണ് പലിശ ഈടാക്കുക. ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്തു നടത്തിയ പഠനം, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മേഖലകള്‍ തീരുമാനിച്ചാണ് തുക നിശ്ചയിച്ചത്.
Read Also: ‘മഹാപ്രളയം മനുഷ്യനിര്‍മ്മിതമോ?’; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
ജലവിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികൾ, കൃഷി എന്നീ മേഖലകൾക്കായാണു സഹായം നൽകുന്നത്. പുനർനിർമാണത്തിനു സഹായം വേണ്ട നാലു മേഖലകൾ കേരള സർക്കാരാണു നിർദേശിച്ചത്. പദ്ധതി നടത്തിപ്പിൽ വേണ്ട സഹായങ്ങളും ഉപദേശങ്ങളും ലോകബാങ്ക് നൽകും.
പ്രളയത്തെ തുടർന്നുള്ള പുനർനിർമാണത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതിനിടയിലാണ് കേരളത്തിന് ലോക ബാങ്ക് സഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് പുനർനിർമാണം നല്ല നിലയിലാണ് പുരോഗമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയും സർക്കാരും അവകാശപ്പെടുന്നത്. വീട് നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം ഉടൻ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.