കണ്ണൂര്‍: കീഴാറ്റൂരില്‍ പാടം നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. നോട്ടിഫിക്കേഷന്‍ മരവിപ്പിച്ച വിവരം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. മാത്രമല്ല വയല്‍ക്കിളി നേതാക്കളെ ഡല്‍ഹിയിലേക്ക് ചര്‍ച്ചക്കായി വിളിപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
ബൈപ്പാസിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച് സമരസമിതി നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തിയേക്കും.
വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും വെട്ടിമുറിക്കാതെ പാത ഒരു വശത്തേക്കു മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ പ്രധാന നിർദ്ദേശം. വയലിന് നടുവിലെ തോട് എങ്ങനെയും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉറപ്പിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവൂ. നൂറ് മീറ്ററിന് താഴെ വീതിയുള്ള കീഴാറ്റൂര്‍ വയലിനെ മുറിച്ച് ദേശീയ പാത കൊണ്ടു പോകുന്നത് കര്‍ഷകരേയും പരിസ്ഥിതിയേയും ബാധിക്കും.
അതിനാല്‍ തണ്ണീര്‍ തടവും കൃഷിയിടവും സംരക്ഷിച്ചുള്ള സാധ്യതകള്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വേണം പുതിയ അലൈന്‍മെന്റ് തയ്യാറാക്കാന്‍. മറ്റു സാധ്യതകള്‍ ഒന്നുമില്ലെങ്കില്‍ മാത്രമേ നിലവിലെ അലൈന്‍മെന്റുമായി മുന്നോട്ടുപോകാവു എന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.