കൊച്ചി മെട്രോയ്ക്കായി രാവും പകലും അധ്വാനിച്ച തൊഴിലാളികൾ ആദ്യമായി മെട്രോയിൽ യാത്ര നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു മെട്രോ നിർമ്മാണത്തിനായി എത്തിയ ഇതര  സംസ്ഥാന തൊഴിലാളികൾ മെട്രോയിൽ യാത്ര ചെയ്തത്. ആടിയും പാടിയും ഇവർ തങ്ങളുടെ കന്നിയാത്ര ആഘോഷമാക്കി. 700ലധികം തൊഴിലാളികളാണ് ഇന്ന് മെട്രോയിൽ യാത്ര ചെയ്തത്.

കെ.എം.ആർ.എൽ ആണ് തൊഴിലാളികൾക്കായി പ്രത്യേക യാത്ര ഒരുക്കിയത്. തൊഴിലാളികൾക്കും സൗജന്യ യാത്രയാണ് ഏർപ്പെടുത്തിയത്. രാവിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായിരുന്നു ഇന്ന് യാത്ര ഒരുക്കിയത്. ഇനിയും നിരവധി തൊഴിലാളികൾ മെട്രോയിൽ കയറാനായി കാത്തിരിക്കുന്നുണ്ട്. നാളെയാണ് കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക.

ഏകദേശം അരലക്ഷത്തിലധികം തൊഴിലാളികൾ വിവിധ ഘട്ടങ്ങളിൽ മെട്രോയ്ക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. മെട്രോയുടെ നിർമാണത്തിൽ ഒരേ സമയം 7000 തൊഴിലാളികൾ വരെ പണിയെടുത്തിരുന്നുവെന്നു പറഞ്ഞാൽ പലരും വിശ്വസിക്കില്ല. കാരണം, ബാരിക്കേഡുകൾക്കുള്ളിൽ പണിയെടുക്കുന്നവരെ പലപ്പോഴും പുറത്തു നിന്നു നോക്കിയാൽ കാണാൻ കഴിയില്ലായിരുന്നു. ആയിരക്കണക്കിനു തൊഴിലാളികളുടെ അധ്വാനമാണ് ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററിൽ ഉയർന്നു നിൽക്കുന്ന മെട്രോ സംവിധാനത്തിനു പിന്നിൽ. മുട്ടം യാഡിന്റെയും ആലുവ മുതൽ കളമശേരി വരെയുള്ള മെട്രോ നിർമാണത്തിലുമാണ് 7000 തൊഴിലാളികൾ ഒരേ സമയം ഏർപ്പെട്ടത്. രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി നടന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ