കാസര്‍കോട്: നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് അകത്തു നിന്നുമുള്ള സൈബര്‍ ആക്രമണം വച്ചുപൊറിപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചില ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തിയാണ് നേതാക്കളെ തേജോവധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ധാര്‍മ്മികതയുടെ പ്രതീകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എ.കെ.ആന്റണി തന്റെ വേദന അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ വിഷയം ഗൗരവമായി തന്നെ എടുത്തിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശശി തരൂര്‍ എംപിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. തരൂരാണ് ഐടി സെല്ലിന്റെ ചെയര്‍മാന്‍.

അതേസമയം, സിപിഎമ്മിനും ബിജെപിക്കുമുള്ള സൈബര്‍ ഗ്രൂപ്പുകളില്‍ അവരുടെ പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് ആ കാര്യത്തില്‍ പിന്നിലാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയുണ്ട്. എന്നാല്‍ അവിടെ പറയാതെ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തിയുള്ള ആക്രമണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സിഒടി നസീറിനെതിരായ ആക്രമണ സംഭവത്തിലും മുല്ലപ്പള്ളി പ്രതികരിച്ചു. ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പി.ജയരാജൻ പറയുന്നത്. അപ്പോള്‍ ആരിലേക്കാണ് സൂചന എന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.