തിരുവനന്തപുരം: ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാർത്ത എജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

താൻ സംസ്ഥാന പാർട്ടി മേധാവിയായി തുടരുമെന്നും 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ 20 ലോക്സഭാ സീറ്റുകളിൽ 19 ലും വിജയിച്ചതുപോലെ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുമെന്നും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായിരുന്ന മുല്ലപ്പള്ളി പറഞ്ഞു.

“വരുന്ന തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ വീണ്ടും അധികാരത്തിലെത്തിക്കുക എന്നതാണ് എന്റെ ഏക ലക്ഷ്യം. ഇടതു സർക്കാറിന്റെ തെറ്റായ, ജനവിരുദ്ധ നയങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ ബാധിച്ചു. എന്റെ സ്ഥാനാർത്ഥിത്വം ഒരു വലിയ പ്രശ്‌നമല്ല. ഉത്തരവാദിത്തമുള്ള സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ഞാൻ അശ്രാന്തമായി പ്രവർത്തിക്കുന്നു,”
മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Read More: മുല്ലപ്പളളി രാമചന്ദ്രൻ മത്സരിച്ചേക്കും; കൽപറ്റയിൽനിന്ന് ജനവിധി തേടാൻ സാധ്യത

ഇതോടെ ഏഴ് തവണ എംപിയായ മുല്ലപ്പള്ളി, കൽപ്പറ്റ സീറ്റിൽ നിന്നോ കോഴിക്കോട് സീറ്റിൽ നിന്നോ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുകയാണ്.

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇന്നുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും പാര്‍ട്ടി പറയുന്ന ഏത് നിര്‍ദേശവും ശിരസാവഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുല്ലപ്പള്ളിക്ക് മത്സരിക്കാമെന്ന് ഹൈക്കമാൻഡും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മുല്ലപ്പള്ളി മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻ ചാണ്ടിയാണ് നയിക്കുക. ഉമ്മൻചാണ്ടിക്ക് പുതിയ ചുമതലകൾ ഹൈക്കമാൻഡ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉമ്മൻചാണ്ടി കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മൻ ചാണ്ടി വഹിക്കും. ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.