scorecardresearch

ഏക സിവില്‍ കോഡ്: കോണ്‍ഗ്രസില്ല, സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്

കോണ്‍ഗ്രസിനെ ഒഴിവാക്കി ഈ വിഷയത്തെ സമീപിക്കാനാവില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി

കോണ്‍ഗ്രസിനെ ഒഴിവാക്കി ഈ വിഷയത്തെ സമീപിക്കാനാവില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി

author-image
WebDesk
New Update
Sadik Ali|muslim-league

Sadik Ali Muslim League

മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചത് ദുരുദ്ദേശ്യപരമാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏക വ്യക്തിനിയമം കേവലം മുസ്​ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും പൊതുവിഷയമായി കാണേണ്ടതുണ്ടെന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

സിപിഎം ക്ഷണിച്ച സെമിനാറില്‍ ലീഗ് പങ്കെടുത്താല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ദോഷമുണ്ടാക്കും. മുസ്ലീം സംഘടനകള്‍ മാത്രം ഏറ്റെടുത്ത് നടത്തേണ്ട വിഷയമല്ലത്. എല്ലാ സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഓരോ മുസ്ലീം സംഘടനകള്‍ക്കും സ്വതന്ത്രമായി നിലപാട് സ്വീകരിക്കാമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സെമിനാറില്‍ യുഡിഎഫില്‍ നിന്ന് ലീ​ഗിന് മാത്രമേ ക്ഷണമുള്ളൂ. മറ്റു ഘടകകക്ഷികളെ ഒന്നും ക്ഷണിച്ചിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഏകസിവില്‍ കോഡ് വിഷയത്തില്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ സാധിക്കില്ല.യുഡിഎഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്ത പരിപാടിയില്‍ ലീഗ് പങ്കെടുക്കില്ലെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഈ വിഷയത്തെ സമീപിക്കാനാവില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കുന്ന പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്, എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നതെന്നും ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കി. സമസ്ത തുടങ്ങിയ മുസ്​ലിം സംഘടനകള്‍ക്ക് അവരുടേതായ നിലയില്‍ പങ്കെടുക്കാമെന്നും അതില്‍ ലീഗിന് വിരോധമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.  

Advertisment

കോഴിക്കോട് വച്ച് പാര്‍ട്ടി സംഘടിക്കുന്ന ദേശീയ സെമിനാറില്‍ യോജിക്കാവുന്ന എല്ലാ വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ടൊന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. വര്‍ഗീയ ശക്തികള്‍ ഒഴിച്ച്, യോജിക്കാവുന്ന മുഴുവന്‍ കക്ഷികളുമായി ചേര്‍ന്ന് അതിവിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Muslim League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: