തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാർ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിന്റെ നീക്കം ജനാധിപത്യത്തോടും ജനങ്ങളോടുമുളള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

“കേസ് അവസാനിപ്പിക്കാൻ ഇടത് സർക്കാർ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടും. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. സർക്കാർ ഒന്നും ചെയ്യാതെ നോക്കിനിൽക്കുകയാണ്. എല്ലായിടത്തും മോഷണവും കൊലപാതകവും അക്രമങ്ങളും അരങ്ങേറുകയാണ്. ഗവർണർ പോലും ഇതിനെതിരെ രംഗത്ത് വന്നു.” രമേശ് ചെന്നിത്തല പറഞ്ഞു.

കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി.ശിവൻകുട്ടി എംഎൽഎയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഒരേ സംഭവത്തിൽ രണ്ട് ശിക്ഷ പാടില്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കണം എന്നുമാണ് ശിവൻകുട്ടി ആവശ്യപ്പെട്ടത്. അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചു.

2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം. കെ.എം.മാണിക്കെതിരെ ബാർ കോഴ കേസ് ഉയർന്നുവന്ന സാഹചര്യത്തിൽ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ രാത്രി മുഴുവൻ കുത്തിയിരുന്നു. രാവിലെ നിയമസഭയിലേക്ക് എത്തിയ സ്പീക്കറെ തടയുകയും കസേര വലിച്ചെറിയുകയും ചെയ്തു. കംപ്യൂട്ടറുകളും മൈക്കും തകർത്തു.

രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോഴത്തെ മന്ത്രി കെ.ടി.ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ