ചങ്ങനാശ്ശേരി: എൻഎസ്എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങൾക്ക് അവകാശമുണ്ട്. എൻഎസ്എസ്സിന്റെ സമദൂരത്തെ വിമർശിക്കാൻ സർക്കാരിന് അവകാശമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ മന്നം ജയന്തി ആഘോഷ ചടങ്ങിനു മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയവും പാസാക്കി. എൻഎസ്എസ്സിന് ഒരു നിലപാട് മാത്രമേയുള്ളൂ. ശബരിമല വിഷയത്തിൽ സർക്കാർ എത്ര തവണ നിലപാട് മാറ്റി. സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാന മൂല്യത്തിനും വേണ്ടിയാണ് വനിതാ മതിലെന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ ശബരിമല വിഷയത്തിനുവേണ്ടിയാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യന്ത്രി പറഞ്ഞത്. ഇതിൽനിന്നും മനസ്സിലാകുന്നത് സർക്കാരിനാണ് ഇരട്ടത്താപ്പെന്നും എൻഎസ്എസ്സിന് അല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ആചാരവും നവോത്ഥാനവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ആചാരങ്ങളെ തകർക്കാൻ ഏതു മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല. വനിതാ മതിൽ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റും. ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ ഇതിനെ നേരിടുമെന്നും സർക്കാരിന് മുന്നിൽ മുട്ടു മടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.