കോട്ടയം: വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണങ്ങൾക്കെതിരെ കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ സമരം ചെയ്തു. ഇന്നലെ രാത്രി നടന്ന സമരം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന് പ്രിൻസിപ്പൽ ഉറപ്പുനൽകി.
വൈകിട്ട് ഏഴരക്ക് വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ പ്രവേശിച്ചിരിക്കണം എന്നാണ് ചട്ടം. എന്നാൽ മെൻസ് ഹോസ്റ്റലിൽ ഈ നിയന്ത്രണം ഇല്ല. ലേബര്‍ റൂമിലും അത്യാഹിത വിഭാഗത്തിലും പഠനത്തിന്റെ ഭാഗമായുളള സേവനം കഴിഞ്ഞ് ഹോസ്റ്റലിൽ തിരികെയെത്തുമ്പോൾ സമയം ഏഴര കഴിയുമെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. എന്നാൽ ഹോസ്റ്റൽ അധികൃതർ കടുത്ത ഭാഷയിൽ ശാസിക്കുമെന്നും സദാചാര പൊലീസ് ചമഞ്ഞ് അധിക്ഷേപിക്കുന്നുവെന്നുമാണ് വിദ്യാർത്ഥിനികളുടെ പരാതി.
ഇന്നലെ രാത്രി ഏതാണ്ട് നാല് മണിക്കൂറോളം വിദ്യാർത്ഥിനികൾ സമരം ചെയ്തു. ഇതോടെയാണ് അനുനയ ശ്രമവുമായി പ്രിൻസിപ്പൽ ഇടപെട്ടത്. സമരക്കാർ ഉന്നയിച്ച ആവശ്യം അനുഭാവപൂർവ്വം പരിഹരിക്കാമെന്നാണ് പ്രിൻസിപ്പൽ വാക്കു നൽകിയത്. ഹോസ്റ്റൽ സമയം നിയന്ത്രിക്കാനുളള തീരുമാനം പിടിഎയുടേതാണെന്നും ഇക്കാര്യം അദ്ധ്യാപക-രക്ഷാകർതൃ സമിതി എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് മാറ്റാമെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്. എന്നാൽ വാക്കാലുളള ഉറപ്പ് മതിയാവില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനികൾ ഇക്കാര്യം പ്രിൻസിപ്പലിൽ നിന്നും എഴുതി വാങ്ങി. എത്രയും വേഗം പിടിഎ എക്സിക്യുട്ടീവ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു.