തിരുവനന്തപുരം: വനിതാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കാൻ പെൺകരങ്ങൾ. നാളെ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൽ ഡ്യൂട്ടിയിലുണ്ടാകുക വനിതാ കമാന്‍ഡോകളായിരിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വനിതാ കമാന്‍ഡോകളെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പൊലീസ് ഗാര്‍ഡുകളെയും നിയോഗിക്കും.
സംസ്‌ഥാനത്തെ പരമാവധി പൊലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നതും വനിതാ ഓഫീസര്‍മാരായിരിക്കും. വനിതാ ഇന്‍സ്‌പെക്‌ടര്‍മാരും സബ് ഇന്‍സ്‌പെക്‌ടര്‍മാരും ഉള്ള സ്‌റ്റേഷനുകളില്‍ അവര്‍ സ്‌റ്റേഷന്‍ ചുമതല വഹിക്കും. സ്‌റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപ സ്‌റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ഇല്ലാത്ത സ്‌ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കും. ഈ വർഷം വനിതകളുടെ സുരക്ഷയ്‌ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടികള്‍.
International Women’s Day 2020: സ്ത്രീവിരുദ്ധതയ്ക്കു മറുപടി വേണോ; ഇതാ ഒരതിഭീകര തുല്യതാ പേജ്
വനിതാദിനത്തില്‍ ട്രെയിന്‍ ഓടിച്ച് വനിതകള്‍
രാജ്യാന്തര വനിതാ ദിനത്തിൽ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കും. എട്ടിനു തിരുവനന്തപുരത്തുനിന്നു ഷൊര്‍ണൂരിലേക്ക് പോകുന്ന 16302 നമ്പർ വേണാട് എക്‌സ്പ്രസാണ് എറണാകുളം മുതല്‍ വനിതകള്‍ ഓടിക്കുന്നത്. രാവിലെ 10.15ന് ട്രെയിൻ എറണാകുളത്തെത്തുമ്പോൾ പിന്നീടങ്ങോട്ട് ട്രെയിനിന്റെ സര്‍വ നിയന്ത്രണവും വനിതകള്‍ക്കായിരിക്കും.
ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ് മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിങ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്. മാത്രമല്ല റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിത ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. സതേണ്‍ റെയില്‍വേ തിരുവനന്തപുരമാണ് ഈയൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
ടി.പി. ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാര്‍ഡായി എം.ഷീജ, ടിടിഇ ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്എം ആയി ദിവ്യ, ക്യാബിന്‍ എസ്എം ആയി നീതു, പോയിന്റ്‌സ്‌മെന്‍ ആയി പ്രസീദ, രജനി, മെക്കാനിക്കല്‍ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥന്‍, വി.ആര്‍.വീണ, എ.കെ.ജയലക്ഷ്മി, സൂര്യ കമലാസനന്‍, ടി.കെ.വിനീത, ശാലിനി രാജു, അര്‍ച്ചന എന്നിവരും ഈ ട്രയിനില്‍ സേവനമനുഷ്ഠിക്കും.
വനിതാ ദിനത്തിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ ടിക്കറ്റ് ചെക്കിങ്ങിനെത്തുക വനിതാ ടിടിഇമാരുടെ സംഘമായിരിക്കും. ആറു വനിതകൾ മാത്രമുളള സ്ക്വാഡാണ് ചെക്കിങ്ങിനെത്തുക. സാധാരണ ദിവസങ്ങളിൽ പുരുഷന്മാരും സ്ത്രീകളും അടങ്ങിയ സംഘമാണ് പരിശോധനാ സ്ക്വാഡിൽ ഉണ്ടാവുക.