തിരുവനന്തപുരം: ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിനാണ് കേസെടുത്തത്. എത്രയും വേഗം പൊലീസ് ഫിറോസിനെതിരെ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ സ്ത്രീകളേയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും ജോസഫെയ്ന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫിറോസ് പങ്കെടുത്തതിനെ വിമര്‍ശിച്ച യുവതിക്കെതിരെയാണ് ഫിറോസ് അധിക്ഷേപം നടത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിലാണ് ഫിറോസ് സ്ത്രീകളെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചത്.
‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു തനിക്കെതിരെ വിമര്‍ശനം നടത്തിയവര്‍ക്ക് ഫിറോസ് നല്‍കിയ മറുപടി. മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്.
പേരെടുത്തു പറയാതെയായിരുന്നു ഫിറോസിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. ഇതോടെ ഫിറോസിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്വയം പ്രഖ്യാപിത നന്മമരമാണ് ഫിറോസെന്നും അയാളുടെ മുഖം മൂടി അഴിഞ്ഞു വീഴുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായെത്തിയവര്‍ പറയുന്നു.