തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ ചാനലുകൾ വഴി അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നടൻ ദിലീപിന് വനിത കമ്മിഷൻ നോട്ടീസ് അയച്ചു. മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവ് ആണ് ഇന്നലെ ഇക്കാര്യം ചൂണ്ടിക്കാട്ടി വനിത കമ്മീഷന് പരാതി നൽകിയത്.

ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. “അമ്മയുടെ വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ എംഎൽഎമാരായ മുകേഷും ഗണേഷ്കുമാറും തെറ്റായ രീതിയിലാണ് സംസാരിച്ചത്. ജനപ്രതിനിധികൾ സാമൂഹിക പ്രതിബദ്ധത കാട്ടാൻ ബാധ്യസ്ഥരാണെന്നും” ജോസഫൈൻ പറഞ്ഞു.

പിന്നാലെ തന്നെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെയും ജോസഫൈൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. “നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ ഡബിൾ റോൾ കളിക്കുകയാണ്. ഇത് നിർത്തണം. അന്വേഷണം നടൻ ദിലീപിന് അനുകൂലമാക്കാൻ ശ്രമിക്കുന്നത് തെറ്റാണ്” ജോസഫൈൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ വുമൺ ഇൻ സിനിമ കളക്ടീവ് രംഗത്ത് വന്നത്. പിന്നീട് നടിയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ചവര്‍ക്കെതിരെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച സംഘടന ‘അമ്മ’യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്ക്കെടുത്തിരുന്നില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വുമൺ ഇൻ സിനിമാ കളക്ടീവ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നു.

ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് വേണ്ട നിയമസഹായം അടക്കമുള്ള എല്ലാ പിന്തുണയും വുമൺ ഇൻ സിനിമ കളക്ടീവ് നൽകും. ഇരയെ അപമാനിക്കുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളെയും തടയും. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇരയെ അപമാനിച്ച സിനിമാ പ്രവർത്തകനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടിയെക്കണമെന്ന് ആവശ്യപ്പെട്ടതായും വുമൺ ഇൻ സിനിമ കളക്ടീവ് അറിയിച്ചു. അമ്മയുടെ അംഗത്തിന് സംഘടന പിന്തുണ നല്‍കണമെന്നും വുമണ്‍ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ