വീടിനുളളിലാക്കിയിരിക്കുന്ന ഹാദിയയെ കാണാൻ വൈക്കത്തെ ഹാദിയയുടെ വസതിയിലെത്തി വനിതാ കമ്മീഷന് പിതാവ് അശോകൻ അതിനുളള അനുമതി നിഷേധിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അശോകന്രെ വസതിയിൽ എത്തിയെങ്കിലും മകളെ കാണാൻ ആരെയും അനുവദിക്കില്ലെന്ന് അശോകൻ വ്യക്തമാക്കിയെന്ന് കമ്മീഷൻ അറിയിച്ചു.

ഇതേ സമയം ഈ മാസം ആറാം തിയതി ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ഹാദിയയെ കാണാൻ അനുമതി നൽകിയിരുന്നു. ഹാദിയ അച്ഛന്രെ സംരക്ഷണയിൽ പൂർണ സുരക്ഷിതയാണന്നും സ്വതന്ത്രയാണെന്നുമാണ് രേഖാശർമ്മ മാധ്യമങ്ങളോട് പറഞ്ഞത്. അതിന് ശേഷം രണ്ടാഴ്ചയ്ക്കുളളിൽ ഹാദിയയെ കാണാനെത്തിയ സംസ്ഥാന വനിതാകമ്മീഷനാണ് അച്ഛൻ അശോകൻ അനുമതി നിഷേധിച്ചത്.

ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കുന്ന യാത്ര വിമാനത്തിലാക്കണമെന്നും യാത്രയുടെ സുരക്ഷാകാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനുമാണ് നേരിട്ടെത്തിയതെന്ന്  വനിതാ കമ്മീഷൻ അറിയിച്ചു. മാത്രമല്ല, വിമാനയാത്രയുടെ ചെലവ് വനിതാ കമ്മീഷൻ വഹിക്കാമെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും കമ്മീഷൻ യാത്ര ചെലവ് നൽകേണ്ടതില്ലെന്നും ഹാദിയയുടെ പിതാവ് അശോകൻ പറഞ്ഞുവെന്ന് കമ്മിഷൻ അറിയിച്ചു.

തന്രെ അഭിപ്രായം കേൾക്കാതെ കേസിൽ കേരളാ വനിതാ കമ്മീഷൻ സുപ്രീം കോടതിയിൽ കക്ഷി ചേർന്നത് ശരിയായില്ലെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയെ മാത്രമേ മകളെ കാണാൻ അനുവദിച്ചിട്ടുളളൂവെന്നും അശോകൻ പറഞ്ഞു.

യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അക്കാര്യത്തിൽ ശരിയായ നിലപാടാണ് കമ്മീഷൻ സ്വീകരിച്ചതെന്നും ജോസഫൈൻ വ്യക്തമാക്കി. ദേശീയ വനിതാകമ്മീഷൻ അധ്യക്ഷയുടെ സന്ദർശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതതെന്ന് ജോസഫൈൻ ചോദിച്ചു.

അച്ഛന്രെ അനുവാദത്തോടെ മാത്രമേ പ്രായപൂർത്തിയായ മകളെ കാണാൻ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിതാകമ്മീൻ അധ്യക്ഷ സന്ദർശിക്കുക വഴി മകൾക്ക് എന്ത് സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

യുവതിക്ക് സംരക്ഷണം നൽകുന്ന വനിതാ പൊലീസുകാരോട് വനിതാ കമ്മീഷൻ അധ്യക്ഷ വിവരങ്ങൾ നേരിട്ട് ചോദിച്ചു. ഹാദിയയുടെ സൂപ്രീം കോടതിയിലേയ്ക്കുളള യാത്രയിൽ മതിയായ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ പൊലീസ് മേധാവിയിൽ നിന്നു കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

സുഹൃത്തുക്കളുമായി സഹവസിക്കാൻ പോലും കഴിയാത്തവിധം വീടിനുളളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയ നേരിടുന്നതെന്ന് ബോധ്യപ്പെട്ടതായി സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷ ജോസഫൈൻ പറഞ്ഞു. സ്വന്തം വിശ്വാസവും ജീവിതവും തിരഞ്ഞെടുക്കാനുളള അവകാശം ഭരണഘടന ഉറപ്പു നൽകിയിട്ടുളളതാണ്. കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ സുപ്രീംകോടതിയിൽ ബോധിപ്പിക്കുമെന്നും കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ