പി.കെ.ശശിക്കെതിരെ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍

പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ലെന്ന് ജോസഫെെന്‍

mc josephine, ie malayalam

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതി വനിതാ കമ്മീഷന് ലഭിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പരാതി കിട്ടാതെ നടപടിയുണ്ടാകില്ലെന്നും പരാതി പൊലീസിന് കൈമാറണമോ എന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിക്കാര്യം പാർട്ടി തീരുമാനിക്കും. ഇതൊരു പുതുമയുള്ള കാര്യമല്ല, മനുഷ്യരായാല്‍ തെറ്റ് സംഭവിക്കുക സ്വാഭാവികമാണ്. പാർട്ടിക്കകത്തും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നേരിടുന്നതില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ എം.സി.ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

ഈ യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ല. അതേസമയം വനിതാ കമ്മീഷന്റെ നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വനിതാ കമ്മീഷന്‍ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചു.

രാഷ്ട്രീയംനോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതാണ്. പരാതി കിട്ടിയാലേ നടപടിയെടുക്കൂ എന്ന് പറയുന്ന ഈ വനിതാ കമ്മീഷന്‍ എത്ര കേസില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

കഴിഞ്ഞ മാസം 14-നാണ് പി.കെ.ശശിക്കെതിരെ വനിത ഡിവൈഎഫ്‌ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നല്‍കി. സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് കൈയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്തുവരും എന്നായതോടെ പണം നല്‍കി ഒതുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പിബിയില്‍ ബൃന്ദ കാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Womens commission cant take case on sexual assault allegation agains pk sasi

Next Story
മോഹൻലാൽ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതുന്നില്ല: രമേശ് ചെന്നിത്തല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X