കൊച്ചി: ശബരിമലയിൽ പോകാൻ സന്നദ്ധരായ യുവതികൾ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി. കൊല്ലം സ്വദേശിനി ധന്യ, കണ്ണൂർ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷനില എന്നീ മൂന്നുപേരാണ് വാർത്താസമ്മേളനം നടത്തിയത്. തങ്ങൾക്കൊപ്പം മറ്റു ഏഴു സ്ത്രീകൾ കൂടി ശബരിമല ദർശിക്കാൻ ഓൺലൈൻ ബുക്കിങ് ചെയ്തിട്ടുണ്ടെന്നും യുവതികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ 11 വർഷമായി മണ്ഡലകാല വ്രതം നോൽക്കുന്ന ആളാണ് താനെന്നും ഇതെന്റെ 12-ാമത്തെ വർഷമാണെന്നും കണ്ണൂർ സ്വദേശിനിയായ രേഷ്മ പറഞ്ഞു. മാലയിട്ട് വ്രതം നോൽക്കുന്നത് ഇതാദ്യമാണ്. ശബരിമല വിധിയെ ഇപ്പോൾ എതിർക്കുന്നവർ ആദ്യം വിധിയെ സ്വാഗതം ചെയ്തവരാണ്. ഞങ്ങളുടെ വിശ്വാസം മാനിച്ചുകൊണ്ട് ശബരിമലയിലേക്ക് പോകാൻ അവസരം ഒരുക്കണമെന്നാണ് പൊതുജനങ്ങളോടുളള അഭ്യർത്ഥനയെന്നും രേഷ്മ പറഞ്ഞു. മാല ഇട്ടതിന്റെ പേരിൽ ആക്രമണത്തിന് ഇരയാകേണ്ടി വന്നുവെന്നും കോളേജ് അധ്യാപികയായ തനിക്ക് ജോലി രാജിവയ്ക്കേണ്ടി വന്നുവെന്നും രേഷ്മ പറഞ്ഞു. ശബരിമലയിൽ പോകാൻ കഴിയുന്നതുവരെ മാല ഊരില്ലെന്നും അതുവരെ ജീവിതത്തിന്റെ ഒരു ഭാഗമായി ഒപ്പം ഉണ്ടാകുമെന്നും രേഷ്മ വ്യക്തമാക്കി.

ഇപ്പോഴത്തെ കലാപ അന്തരീക്ഷം ഞങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിനിയായ ധന്യ പറഞ്ഞത്. ഈ അവസരത്തിൽ ശബരിമലയിൽ പോകണമെന്ന വാശി ഞങ്ങൾക്കില്ല. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്. സുരക്ഷിതമായി അവിടെ എത്തി അയ്യപ്പ ദർശനം നടത്തി, വ്രതം അവസാനിപ്പിച്ച്, മാല അഴിക്കാൻ അവസരംം ഉണ്ടാകണം. സർക്കാരിന്റെ ഭാഗത്തുനിന്നും സംരക്ഷണം കിട്ടിയാൽ മാത്രമേ ശബരിമലയിലേക്ക് പോകൂവെന്നും ധന്യ പറഞ്ഞു.

മാല ഇട്ടതിനുശേഷം ഒരുപാട് ശത്രുക്കളുണ്ടായെന്ന് കണ്ണൂർ സ്വദേശിനി ഷനില പറഞ്ഞു. ശബരിമലയിൽ പോകണം എന്നു തന്നെയാണ് ആഗ്രഹം. ഇനി വരുന്ന തലമുറയ്ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ടാവും. വിശ്വാസികളായ അവർക്ക് അതിന് കഴിയണം. പ്രഹസനത്തിനുവേണ്ടിയല്ല ശബരിമലയിലേക്ക് പോകുന്നത്, മാലയിട്ട് വ്രതം നോക്കിയാണ് പോകുന്നത്. അതിന് സംരക്ഷണം നൽകേണ്ടത് പൊലീസും സർക്കാരുമാണ്. എപ്പോഴാണോ മലയ്ക്ക് പോകാൻ പറ്റുന്ന് അതുവരെ മാല ഊരില്ലെന്നും ഷനില പറഞ്ഞു.


(വീഡിയോ കടപ്പാട്: മാതൃഭൂമി)

അതിനിടെ, യുവതികൾ വാർത്താസമ്മേളനം നടത്തുന്നതറിഞ്ഞ് പ്രതിഷേധക്കാർ എറണാകുളം പ്രസ് ക്ലബ്ബിന് മുന്നിലെത്തി. നാമജപങ്ങളുമായി പ്രതിഷേധക്കാർ പരിസരത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് യുവതികളെ പ്രസ് ക്ലബ്ബിൽനിന്നും പുറത്തേക്കു കൊണ്ടുപോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.