തിരുവനന്തപുരം: കേരളത്തില്‍ വീട്ടിനകം പോലും പിഞ്ചു കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലാതായിരിക്കുന്നുവെന്ന് പ്രമുഖ എഴുത്തുകാരികൾ. ഇങ്ങനെ സുരക്ഷിതമല്ലാത്ത സാഹചര്യം ഭീതിയുളവാക്കുന്നു.പൊലീസിന്റെ അവഗണനയും നിസാരവല്‍ക്കരണവും പ്രതിഷേധാര്‍ഹമാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും അവർ പറഞ്ഞു.

സുഗതകുമാരി, സാറാ തോമസ്, സാറാ ജോസഫ്, പി വത്സല, ഒ വി ഉഷ, ചന്ദ്രമതി, ഗ്രേസി, അഷിത, കെ എ ബീന, കെ ആര്‍ മീര, ഗീതാനസീര്‍, സി എസ് ചന്ദ്രിക, ശ്രീബാല മേനോന്‍ എന്നിവരാണ് പ്രസ്താവനയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന പൈശാചികമായ ക്രൂരതകള്‍ രോഗാതുരമായ ഒരു സമൂഹത്തിന്റെ ബീഭത്സമായ മുഖമാണ് അനാവരണം ചെയ്യുന്നത്. പരാതി പറയുന്ന കുഞ്ഞുങ്ങളോട് ജാഗ്രതയോടെ പെരുമാറാന്‍ കുടുംബം തയാറാകേണ്ടതുണ്ട്. കുറ്റക്കാരെന്ന് കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഉടനടി പിടികൂടാനും അതികഠിന ശിക്ഷ നല്‍കാനും നടപടിയുണ്ടാകണം.സ്‌കൂളുകളില്‍ ചീത്തസ്പര്‍ശം നല്ല സ്പര്‍ശം എന്തെന്നതടക്കം പഠിപ്പിക്കുന്ന ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കണം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമത്തിനെതിരെ  രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കുപരിയായി  പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനിയൊരു പിഞ്ചുകുഞ്ഞിനും സ്ത്രീക്കുമെതിരെ ഈ ലൈംഗികഹിംസ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. ലൈംഗിക അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ എഴുത്തുകാരികള്‍ എന്ന നിലയില്‍ ഞങ്ങള്‍ സദാജാഗ്രതയോടെ കാവലാളായി ഉണ്ടാവുക തന്നെ ചെയ്യും.

കേരളത്തില്‍ ഇനി ഈ ലൈംഗികക്രൂരതകള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ പാടില്ല. പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായി നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ എഴുത്തുകാരികള്‍ എന്ന നിലയില്‍ ഞങ്ങള്‍ അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്നു. നിലയ്ക്കാത്ത അസ്വസ്ഥതയോടെ…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ